എൽവിസ് ബെൽബോട്ടം പാന്‍റും കൂളിങ് ഗ്ലാസും ഹെയർസ്റ്റൈലും പ്രത്യേക മുഖ - ശരീര ഭാവങ്ങളും സംഘട്ടന രംഗങ്ങളും പഞ്ച് പാക്ക്‌ഡ് ഡയലോഗുകളും കരുത്തുറ്റ ശബ്‌ദവും...
അന്നോളമുള്ള നായക സങ്കൽപ്പങ്ങളെ അപ്പാടെ മാറ്റിയെഴുതിക്കൊണ്ടായിരുന്നു ജയൻ എന്ന നടന്‍റെ സിനിമാപ്രവേശം. ആക്ഷൻ രംഗങ്ങളിലെ അസാമാന്യ മെയ്‌വഴക്കം ജയനെ മറ്റ് നടന്മാരിൽ നിന്ന് വ്യത്യസ്‌തനാക്കി. മലയാള സിനിമയിലെ കരുത്തിന്‍റെയും പൗരുഷത്തിന്‍റെയും പ്രതീകമായി അയാൾ മാറി.

ഒരു തലമുറയെ ഇത്രയേറെ ഹരം കൊള്ളിച്ച താരം മറ്റാരുണ്ട്. പലപ്പോഴും അനുകരിച്ച് വികലമാക്കാറുണ്ടെങ്കിലും മിമിക്രിയിലൂടെയും ട്രോളുകളിലൂടെയും പുതുതലമുറയ്‌ക്കും സുപരിചിതനാണ് ജയൻ. ഇന്ന് അനുകരിക്കപ്പെടുന്ന രീതിയിൽ വളരെ നീട്ടിയുള്ള സംഭാഷണശൈലിയോ ഭാവങ്ങളോ ആയിരുന്നില്ല ജയന്‍റേതെന്ന് അക്കാലത്തെ സംവിധായകരും അഭിനേതാക്കളും അടിവരയിട്ട് പറയുന്ന കാര്യമാണ്. എങ്കിലും ഇന്നും ജയനെ ഓർമ്മിപ്പിക്കുന്നതിലും പുതു തലമുറയ്‌ക്ക് പരിചയപ്പെടുത്തുന്നതിലും അനുകരണ കലാകാരന്മാരുടെ പങ്ക് തെല്ലും ചെറുതല്ല.
ശാപമോക്ഷത്തില്‍ തുടങ്ങി കോളിളക്കം വരെ : കൃഷ്‌ണൻ നായർ എന്ന നേവി ഉദ്യോഗസ്ഥനിൽ നിന്ന് മലയാളത്തിലെ ആക്ഷൻ ഹീറോ ജയനിലേക്കുള്ള ആറ് വർഷത്തെ യാത്ര സംഭവബഹുലമായിരുന്നു. 1974 മുതൽ 1980 വരെ അദ്ദേഹത്തിന്‍റെ അജയ്യ കാലഘട്ടമായിരുന്നു എന്നുതന്നെ പറയാം. ജയന്‍റെ സിനിമിലേക്കുള്ള കടന്നുവരവും നായകനായുള്ള വളർച്ചയും മരണവുമൊക്കെ പെട്ടെന്നായിരുന്നു. മലയാളത്തിൽ 120ലേറെ സിനിമകളിലാണ് ജയൻ അഭിനയിച്ചത്. അതിൽ ഭൂരിപക്ഷം ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായി.
1974ൽ 'ശാപമോക്ഷം' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടക്കകാലത്ത് വില്ലൻ വേഷങ്ങളായിരുന്നു അധികവും. ഭാവാഭിനയവും ശരീരത്തിന്‍റെ കരുത്തും വളരെ പെട്ടെന്ന് ആളുകളുടെ ശ്രദ്ധ നേടിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു. ചെറിയ വേഷങ്ങളിൽ നിന്ന് വില്ലനായും നായകനായും ജയൻ എന്ന മഹാനടൻ അതിവേഗം വളർന്നു. ജയന്‍റെ പല കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചിലേറ്റി.

'ശരപഞ്ജര'മാണ് ജയൻ നായകനായി എത്തിയ ആദ്യ ചിത്രം. യഥാർഥത്തിൽ നായകനായല്ല നായക-വില്ലനായാണ് അദ്ദേഹം എത്തിയത്. ശരപഞ്ജരം എന്ന് പറഞ്ഞാൽ ഇന്നത്തെ യുവാക്കൾക്ക് പെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ചിത്രത്തിലെ ഒരു സീനിന് ഇന്നും പ്രത്യേക ഫാൻബേസുണ്ട്. മാംസപേശികൾ പ്രകടിപ്പിച്ച് കുതിരയെ ഉഴിയുന്ന ജയൻ.
പിന്നീട് 'അങ്ങാടി' എന്ന ചിത്രത്തിലൂടെ ജയൻ തന്‍റെ താരസിംഹാസനം അരക്കിട്ടുറപ്പിച്ചു. പ്രണയവും ദുഃഖവും ആക്ഷൻ രംഗങ്ങളുമൊക്കെയായി എല്ലാം ചേർന്നതായിരുന്നു അങ്ങാടി. സിനിമയിൽ ചുമട്ടുതൊഴിലാളിയായി എത്തിയ ജയന്‍റെ ബാബു എന്ന കഥാപാത്രം നീളൻ ഇംഗ്ലീഷ് ഡയലോഗ് പറയുന്ന രംഗമുണ്ട്. സിനിമ കണ്ടിരുന്നവർ കോരിത്തരിച്ചു.തിയേറ്ററുകളിൽ നിർത്താതെ കൈയ്യടി. കഴുകൻ, മീൻ, കാന്തവലയം, നായാട്ട്, കരിമ്പന തുടങ്ങി പ്രേക്ഷകർ അതിശയത്തോടെ കണ്ടിരുന്ന ഒരുപിടി ചിത്രങ്ങൾ.

സാഹസികതയെ ഇഷ്‌ടപ്പെട്ടിരുന്ന, ഡ്യൂപ്പില്ലാതെ അനായാസം സംഘട്ടനരംഗങ്ങൾ കൈകാര്യം ചെയ്‌തിരുന്ന അദ്ദേഹത്തിന്‍റെ ജീവനെടുത്തതും അതിരുവിട്ട അഭ്യാസമായിരുന്നു. 1980ൽ കോളിളക്കം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിലാണ് ജയൻ എന്ന നടനെ മലയാള സിനിമാലോകത്തിന് നഷ്‌ടമായത്. 1980 നവംബർ 16ന് പല വീടുകളും മരണവീടുകളായി. അവരുടെ ഇഷ്‌ടനടന്‍റെ അകാലവിയോഗത്തിൽ പ്രേക്ഷകർ കണ്ണീരണിഞ്ഞു. മരണശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ തിയേറ്ററുകളിലെത്തി. അഹങ്കാരം എന്ന ചിത്രമാണ് ജയന്‍റേതായി അവസാനം തിയേറ്ററിലെത്തിയത്.
തന്‍റെ അഭിനയ മികവിലൂടെ ഇന്നും മലയാളിയുടെ ഓർമ്മകളിൽ ജീവിച്ച് ജയൻ മരണത്തെ തോൽപ്പിക്കുന്നു.