മുംബൈ: 'ലഗാൻ', 'ചക് ദേ ഇന്ത്യ' എന്നീ ജനപ്രിയ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്‌ത നാടക, ചലച്ചിത്ര നടന്‍ ജാവേദ് ഖാൻ അംറോഹി അന്തരിച്ചു. ഡി.ഡി ടിവി സീരിയൽ 'നുക്കാഡിലൂടെയും പ്രേക്ഷക പ്രശംസ നേടിയിരുന്നു അദ്ദേഹം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചൊവ്വാഴ്‌ചയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചതെന്ന് ജാവേദ് അംറോഹിയുടെ ചലച്ചിത്ര നിർമ്മാതാവ് രമേഷ് തൽവാർ മാധ്യമങ്ങളോട് പറഞ്ഞു.
മുതിർന്ന നടൻ ശ്വാസതടസം ബാധിച്ച് കഴിഞ്ഞ ഒരു വർഷമായി കിടപ്പിലായിരുന്നു. മുംബൈ സബർബനിലെ സൂര്യ നഴ്‌സിങ് ഹോമിൽ ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ട് ശ്വാസകോശങ്ങളും തകരാറിലായതിനാൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, തൽവാർ പിടിഐയോട് പറഞ്ഞു. അംറോഹിയുടെ തിയേറ്റർ ദിനങ്ങളിലെ സഹപ്രവർത്തകനും ലഗാനിലെ സഹനടനുമായ നടൻ അഖിലേന്ദ്ര മിശ്ര, അദ്ദേഹം വളരെക്കാലമായി അസുഖബാധിതനായിരുന്നെന്ന് പറഞ്ഞു.
അദ്ദേഹം നാടകരംഗത്തെ എന്‍റെ സീനിയറായിരുന്നു. 1970-കൾ മുതൽ ജാവേദ് ഐ.പി.ടി.എ(ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) മുംബൈയിലെ സജീവ അംഗമായിരുന്നു', മിശ്ര പിടിഐയോട് പറഞ്ഞു. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് (എഫ്.ടി.ഐ.ഐ) ബിരുദം നേടിയ ശേഷം നാടകരംഗത്ത് തന്‍റെ കരിയർ ആരംഭിച്ച അംരോഹി 150-ലധികം സിനിമകളിലും ടിവി ഷോകളിലും ചെറുതും വലുതുമായ നിർണായക വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
1980-കളുടെ അവസാനത്തിൽ "നുക്കാഡ്" എന്ന ടിവി ഷോയിൽ ബാർബർ കരിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. ആന്ദാസ് അപ്‌ന അപ്‌നയിലെ ആനന്ദ് അകേല, 'ലഗാനിലെ' ക്രിക്കറ്റ് കമൻ്റേറ്ററും, 'ചക് ദേ ഇന്ത്യ'യിലെ ഇന്ത്യൻ വനിത ഹോക്കി ടീമിന്‍റെ സപ്പോർട്ട് സ്റ്റാഫും അദ്ദേഹത്തിൻ്റെ പ്രേക്ഷകപ്രീതി കൂട്ടിയ ചിത്രങ്ങളാണ്.
ഹം ഹേ രാഹി പ്യാർ കെ, ലാഡ്‌ല, ഇഷ്‌ക് തുടങ്ങിയവ 90-കളിലെ അദ്ദേഹത്തിന്‍റെ ഹിറ്റ് സിനിമകൾ ആണ്. 1988ലെ ടിവി പരമ്പരയായ മിര്‍സ ഗാലിബും നടന്‍റെതായി ശ്രദ്ധിക്കപ്പെട്ടു. 'സഡക് 2' (2020) ആയിരുന്നു ജാവേദ് അംറോഹി അവസാനമായി ചെയ്‌ത സിനിമ.