ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ശ്രദ്ധേയമായ ചിത്രമാണ് 'ഗാന്ധി ഗോഡ്‌സെ ഏക് യുദ്ധ്'. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ജീവിത കഥ പറയുന്ന സിനിമയില്‍, ചരിത്രത്തില്‍ നിന്നും മാറ്റം വരുത്തിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗാന്ധിയുടെയും ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. മഹാത്മ ഗാന്ധിയുടെ മാഹാത്മ്യത്തെ കളങ്കപ്പെടുത്തുന്നതും ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹത്വവത്‌ക്കരിക്കുന്നതുമാണ് സിനിമയുടെ ട്രെയിലര്‍ എന്നാണ് സിനിമയ്‌ക്കെതിരെ ഉയര്‍ന്നു വന്ന പരാമര്‍ശം.
റിലീസിന് മുമ്പ് തന്നെ സിനിമയ്‌ക്കെതിരെ നിരവധി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടത്തിയ പ്രസ്‌മീറ്റില്‍ സന്തോഷിക്ക് നേരെ വാദപ്രതിവാദം ഉണ്ടായിരുന്നു. തുടര്‍ന്ന് ഗാന്ധി ഗോഡ്‌സെ ഏക് യുദ്ധ് സിനിമയുടെ റിലീസും പ്രൊമോഷനും നിര്‍ത്തണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ രാജ്‌കുമാര്‍ സന്തോഷിക്കെതിരെ വധ ഭീഷണിയും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ സംവിധായകന് പിന്തുണ അറിയിച്ച് സിനിമയുടെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമക്കാരെ ആരും വിശ്വസിക്കുന്നില്ലെന്നായിരുന്നു എആര്‍ റഹ്മാന്‍റെ പ്രസ്‌താവന. 'ഗാന്ധി ഗോഡ്‌സെ ഏക് യുദ്ധ്' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു റഹ്മാന്‍റെ ഈ പ്രതികരണം.
'സിനിമയെ വിമര്‍ശിക്കുന്നവര്‍ പടം മുഴുവന്‍ കണ്ടിട്ടില്ല, ട്രെയിലര്‍ മാത്രം കണ്ട് ഇത് എന്തോ പക്ഷപാതം കാണിക്കുന്ന ചിത്രമാണെന്നാണ് കരുതുന്നത്. സിനിമക്കാര്‍ ഇന്ന് പക്ഷം പിടിക്കുന്നവരായതിനാല്‍ ആരും അവരെ വിശ്വസിക്കുന്നതുമില്ല. എന്നാല്‍ ഇതിന്‍റെ ഇരയാകുന്നത് സന്തോഷിയെ പോലുള്ളവരാണ് എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം' -എ.ആര്‍ റഹ്മാന്‍ പറഞ്ഞു.
Also Read: പിറന്നാള്‍ നിറവില്‍ സംഗീത മാന്ത്രികന്‍; പഠനം നിര്‍ത്തി ജോലിക്ക് പോയ റഹ്മാന്‍റെ അറിയാക്കഥകൾ