ജിമ്മില്‍ ചെന്ന് നിരന്തരം വര്‍ക്കൗട്ട് ചെയ്യുന്നവരും, അതൊരു ആഗ്രഹമായി മാത്രം കൊണ്ടുനടക്കുന്നവരും ഒരുപോലെ മാതൃകാപുരുഷനായി കാണുന്നയാളാണ് അർണോൾഡ് ഷ്വാർസെനെഗർ. പ്രവര്‍ത്തനമേഖല ഹോളിവുഡ് ആയിരുന്നിട്ട് പോലും ഇത്രയേറെ ജനപ്രീതി ലഭിച്ച മറ്റു താരങ്ങള്‍ കുറവാണെന്നും പറയാം. ബോഡി ബിള്‍ഡറായും, ആക്ഷന്‍ ഹീറോയായും, മികച്ച സംരംഭകനുമായെല്ലാം വ്യക്തിമുദ്ര പതിച്ച ഇദ്ദേഹം രാഷ്‌ട്രീയത്തിലൂടെ കാലിഫോര്‍ണിയ ഗവര്‍ണറുടെ കുപ്പായത്തിലുമെത്തി.
മിസ്‌റ്റര്‍ യൂണിവേഴ്‌സായും, മിസ്‌റ്റര്‍ ഒളിമ്പ്യയായും ഒരുപാട് തവണ വിജയിച്ച അദ്ദേഹം സിനിമാലോകത്തെയും ശ്രദ്ധാകേന്ദ്രമായി. കനത്ത ശബ്‌ദം കാരണം ഹോളിവുഡിലെത്തിയ തുടക്കകാലത്ത് ഇദ്ദേഹത്തിനായി മറ്റൊരു നടനെ കൊണ്ട് ഡബ്ബ് ചെയ്യിക്കേണ്ടതായും വന്നു. എന്നാല്‍ അഭിരുചി മനസിലാക്കി ആക്ഷന്‍ സിനിമകളിലേക്ക് തിരിഞ്ഞതോടെ അര്‍ണോള്‍ഡിന്‍റെ സിനിമ ജീവിതം ടോപ് ഗിയറിലേക്കും മാറി. എഴുപത്തിയഞ്ചിന്‍റെ നിറവിലെത്തി നില്‍ക്കുന്ന ഹോളിവുഡിലെ ഈ 'വലിയ നടന്‍റെ' മറക്കാതെ കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍ ഇതാ:
കോനന്‍ ദി ബാർബേറിയൻ (1982): ജോൺ മിലിയസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തില്‍ ഷ്വാർസെനെഗറാണ് പ്രധാന വേഷത്തിലെത്തുന്നത്. വാളുകളുടെയും ചെരിപ്പുകളുടെയും കഥ പറഞ്ഞ ചിത്രത്തില്‍ അതിശയകരമായ എല്ലാ യുദ്ധങ്ങളിലും വിജയിക്കാൻ കഴിയുന്ന ഒരു യോദ്ധാവിന്‍റെ വേഷം അദ്ദേഹം അവിസ്‌മരണീയമാക്കുന്നു.
ദി ടെര്‍മിനേറ്റര്‍ (1984): ആരുമല്ലാതിരുന്ന ജെയിംസ് കാമറൂണിനെ ഹോളിവുഡില്‍ പ്രതിഷ്‌ഠിച്ചത് ഹൊറർ സയൻസ് ഫിക്ഷൻ വിഭാഗത്തിലെ ഈ മാസ്‌റ്റര്‍ ക്ലാസ് ചിത്രമാണ്. അർണോൾഡ് ഷ്വാർസെനെഗർ അന്തകനായി (ടെർമിനേറ്റർ) എത്തുന്ന ചിത്രത്തില്‍ ലിൻഡ ഹാമിൽടൻ സാറാ കോണർ ആയും മൈക്കിൾ ബൈൻ കൈൽ റീസ് ആയും വേഷമിട്ടു.
കമാന്‍ഡോ (1985): ചിത്രത്തില്‍ തട്ടിക്കൊണ്ടുപോയ മകളെ രക്ഷിക്കാൻ ശ്രമിക്കുന്ന റിട്ടയേർഡ് മിലിട്ടറി കേണലിന്‍റെ വേഷത്തിലാണ് ഷ്വാർസെനെഗര്‍ എത്തുന്നത്. പുതുമ സൃഷ്‌ടിച്ചില്ലെങ്കിലും ആക്ഷൻ ആരാധകർക്കുള്ള മനോഹരമായ ഒരു വിരുന്നൂട്ടലായിരുന്നു സിനിമ. ഇതില്‍ താരത്തിന്‍റെ മകളുടെ വേഷത്തില്‍ എത്തുന്ന ബാലതാരം അലീസ മിലാനോ നിലവില്‍ അറിയപ്പെടുന്ന രാഷ്‌ട്രീയ പ്രവർത്തകയാണ്.
പ്രിഡേറ്റര്‍ (1987): 'ഏലിയൻസ്' ഹോളിവുഡില്‍ ബ്ലോക്ക്‌ബസ്റ്റർ ബ്ലെൻഡിങ് ആക്ഷൻ ചിത്രമായി മാറിയ സമയത്താണ് സയന്‍സ് ഫിക്ഷനായി ഷ്വാർസെനെഗറുടെ 'പ്രിഡേറ്റർ' എത്തുന്നത്. ഈ വിഭാഗത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം. നിര്‍ണായക ദൗത്യത്തിൽ ഏർപ്പെട്ട ഒരു സൈനിക ഉദ്യോഗസ്ഥനായി ഒരിക്കൽ കൂടി ഷ്വാർസെനെഗര്‍ എത്തി. ഏലിയൻസിന്‍റെ വിജയത്തില്‍ ചിത്രം നിറം മങ്ങിപ്പോയെങ്കിലും ചിത്രം നിരവധി തുടർച്ചകളിലേക്കും സ്‌പിൻഓഫുകളിലേക്കും നയിച്ചു.
ടോട്ടല്‍ റീകോള്‍ (1990): ചിത്രത്തില്‍ യാഥാര്‍ഥ്യം എന്താണെന്നും, തെറ്റായ ഓർമ്മപ്പെടുത്തൽ എന്താണെന്നും വ്യക്തമാകാത്ത മറ്റൊരു ഗ്രഹത്തിലേക്കുള്ള യാത്രയിലാണ് കേന്ദ്രകഥാപാത്രമായ ഷ്വാർസെനെഗര്‍. റിലീസിന് ശേഷം ടോട്ടൽ റീകോളിലെ വിഷ്വൽ ഇഫക്‌റ്റുകൾക്ക് ഓണററി ഓസ്‌കർ ലഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലടങ്ങിയ അക്രമണരംഗങ്ങളില്‍ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
ട്രു ലൈസ് (1994): അര്‍ണോള്‍ഡ് ഷ്വാർസെനെഗര്‍ ഒരു നിർഭയ തീവ്രവാദ പോരാളിയായി എത്തുന്ന ചിത്രം പുരോഗമിക്കുന്നത് തന്‍റെ ഭാര്യക്ക് ഒരു യൂസ്‌ഡ് കാർ വിൽപ്പനക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നത് മുതലാണ്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്‌ത ചിത്രം എല്ലാ അര്‍ത്ഥത്തിലും ആക്ഷൻ പാക്ക്‌ഡ് കോമഡിയായിരുന്നു. ഹെലികപ്‌റ്ററിൽ തൂങ്ങിക്കിടന്നുള്ള ഷ്വാർസെനെഗറുടെ ഒരു അതിശയകരമായ സംഘട്ടന രംഗം ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.
Also Read: സ്നാപ് ചാറ്റ് വീഡിയോ പകർത്തുന്നതിനിടെ അർനോൾഡ് ഷ്വാർസ്നഗറിന് നേരെ ആക്രമണം