മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി കൊണ്ട് ഗുണമുണ്ടാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി.
രാജ്യമൊട്ടാകെ തുടര്‍ച്ചയായി വിഷലിപ്തമായ പ്രചാരണ രീതികളാണ് ബിജെപി ഉപയോഗിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ കേരളത്തില്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വര്‍ഗീയത വളർത്തുന്ന പ്രചാരണം കേരളത്തില്‍ വിജയിക്കില്ല. മുസ്ലീം ലീഗിനെതിരായ വൈറസ് പരാമര്‍ശം മാന്യതയുള്ളതല്ലെന്നും ഇത്തരം പരാമര്‍ശങ്ങളില്‍ മുഖം നോക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഇസ്ലാമിലെ അലിയും ഹിന്ദു ദൈവം ഹനുമാനും തമ്മിലുള്ള മത്സരമാണെന്ന യോഗി ആദിത്യനാഥിന്‍റെ പരാമർശത്തില്‍ മൂന്ന് ദിവസം പ്രചാരണ പരിപാടികളില്‍ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. മുസ്ലിം ലീഗ് പച്ച വൈറസ് ആണെന്നും ഇത് രാജ്യമൊട്ടാകെ പടരുമെന്നും അതിനാൽ നിയന്ത്രിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്ലീംലീഗ് പരാതി നല്‍കിയിരുന്നു.