തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ മണ്ഡലം
ഇരുമുന്നണികൾക്കും വേരുള്ള മണ്ഡലമാണെങ്കിലും, ചരിത്രത്തിൽ ഇടതിനോടാണ് മണ്ഡലം കൂടുതൽ കൂറ് പുലർത്തിയിരിക്കുന്നത്. കുറ്റ്യാടി ഒഴിച്ചുള്ള ആറ് നിയമസഭാ മണ്ഡലങ്ങളും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നതും ഇടതിനൊപ്പം തന്നെ. ലോക്സഭാ ചരിത്രം പരിശോധിച്ചാൽ 2009 വരെ വടകരയിൽ ഇടത് മുന്നണി ആധിപത്യം നിലനിർത്തി. എന്നാൽ 2009 ലോക്സഭ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. 2014 ലും മുല്ലപ്പള്ളി മണ്ഡലം നിലനിർത്തി. വടകരയിൽ എടുത്തു പറയണ്ട മറ്റൊരു സാന്നിധ്യമാണ് ആർഎംപി.സിപിഎമ്മിലുണ്ടായ വിഭാഗീയതയ്ക്ക് ഒടുവില്‍ ടി.പി ചന്ദ്രശേഖരൻ പാർട്ടി വിട്ട് ആർഎംപി രൂപികരിച്ചതും, സീറ്റ് തർക്കത്തെ തുടർന്ന് അന്നത്തെ സോഷ്യലിസ്റ്റ് ജനത എല്‍ഡിഎഫ് വിട്ടതുമാണ് 2009 ൽ സിപിഎമ്മിന് വിനയായത്. ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് ശേഷമുള്ള 2014 ലോക്സഭ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് പരാജയം രുചിക്കേണ്ടി വന്നതും മണ്ഡലത്തിൽ ആർഎംപിയുടെ സാന്നിധ്യം കൊണ്ട് തന്നെയാണ്. 3306 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രം യുഡിഎഫ് അന്ന് മണ്ഡലത്തിൽ ജയിച്ചു കയറിയപ്പോൾ ആർഎംപി സ്ഥാനാർഥി ടിപി രമ 20000 ത്തിൽ അധികം വോട്ടുകൾ പിടിച്ചിരുന്നു. ഇത്തവണ പി ജയരാജനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി സിപിഎം പ്രചാരണം ശക്തമാക്കുമ്പോൾ, മണ്ഡലം നിലർത്താൽ എത്തിയ യുഡിഫ് സ്ഥാനാർഥി മുരളീധരൻ വടകരയിൽ ശക്തമായ സാന്നിധ്യമായി മാറുകയാണ്. രണ്ടാം തവണ ലോക്സഭയിൽ ജനവിധി തേടുന്ന എൻഡിഎ സ്ഥാനാർഥി വികെ സജീവനും പ്രചാരണം കടുപ്പിച്ചതോടെ അവസാനഘട്ട പ്രചാരണ ചൂട് മണ്ഡലത്തിൽ ഉച്ചസ്ഥായിലാണ്.
2014 ലോക്സഭാ ഇലക്ഷൻ കണക്കുകൾ.
യുഡിഎഫ് ഭൂരിപക്ഷം - 3306
യുഡിഎഫ് ആകെ നേടിയ വോട്ടുകൾ - 416479
എൽഡിഎഫ് ആകെ നേടിയ വോട്ടുകൾ - 413173
എൻഡിഎ ആകെ നേടിയ വോട്ടുകൾ - 76313
യുഡിഎഫ്
ഇടതിന്‍റെ കയ്യിൽനിന്നു പിടിച്ചെടുത്ത മണ്ഡലം കഴിഞ്ഞ രണ്ടു തവണയായി നിലനിർത്താൻ സാധിച്ച ആത്മ വിശ്വാസത്തിലാണ് മണ്ഡലത്തിൽ യുഡിഎഫ്.
വലതിന് കരുത്ത് പകരാൻ മുന്നണി ദൗത്യവുമായി കെ മുരളീധരൻ കൂടി എത്തിയതോടെ മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പ് ആവേശത്തിലാണ്. പഴയ കരുണാകരപക്ഷക്കാർക്ക് മലബാറില്‍ സ്വാധീനമുള്ളതും മുന്നണിയ്ക്ക് പ്രതീക്ഷ വർധിപ്പിക്കുന്നു.
പാർട്ടിക്ക് അതീതനായ നേതാവെന്ന മുരളീധരന്‍റെ ഇമേജും വലതിന് അനുകൂല ഘടകമാണ്.
എന്നാൽ ടി.പി വധത്തിന് ശേഷം നടന്ന 2014 തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 3306 ത്തിലേക്ക് ചുരുങ്ങിയത് യുഡിഎഫിന് ആശങ്കയുണ്ട്.
നഷ്ടപ്പെട്ടുപോയ മണ്ഡലം തിരിച്ചു പിടിച്ച് പഴയ വിജയ ചരിത്രം ആവർത്തിക്കുക എന്ന ദൗത്യമാണ് സിപിഎമ്മിന് മുൻപിൽ ഇക്കുറി ഉള്ളത്. മണ്ഡലത്തിലെ സിപിഎമ്മിന്‍റെ സംഘടനാ ശക്തിയും , ജയരാജന്‍റെ ജനസമ്മതിയും സിപിഎമ്മിന് അനുകൂല ഘടകങ്ങളാണ്. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ലോക് താന്ത്രിക് ജനതാദൾ മുന്നണിയിൽ തിരിച്ചെത്തിയതും സിപിഎമ്മിന് ആശ്വാസമാണ്. ആർഎംപിയുടെ സ്വാധീനം മണ്ഡലത്തിൽ കുറഞ്ഞതും സിപിഎം ക്യാമ്പുകൾക്ക് ആശ്വാസമാണ്. വടകര ലോക്സഭയിലെ ആറിൽ ഏഴ് നിയസഭാ മണ്ഡലങ്ങളും നേടനായതും എല്‍ഡിഎഫിന്‍റെ വിജയ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.
ബിജെപി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ അഡ്വ. വികെ സജീവനാണ് വടകര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. ഇത് രണ്ടാം തവണയാണ് സജീവന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ജനവിധി തേടുന്നത്. കാര്യമായ നേട്ടങ്ങള്‍ മണ്ഡലത്തിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഇക്കുറി വടകരയിൽ നേട്ടമുണ്ടാക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസത്തിനാണ് മുന്നണി. കേന്ദ്രസർക്കാരിന്‍റെ വികസന പദ്ധതികള്‍ തന്നെയാണ് എൻഡിഎ യുടെ പ്രധാന പ്രചാരണ വിഷയം.
തീരദേശപ്രദേശങ്ങളിലെയും, കാര്‍ഷികരംഗത്തെയും വികസനല പ്രശ്നങ്ങളും അക്രമരാഷ്ട്രീയവുമെല്ലാം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ ശബരിമല വിഷയവും ചർച്ചയായേക്കും.
ജനുവരി 30 വരെയുള്ള തിരഞ്ഞെടുപ്പ് കമീഷന്‍റെ കണക്കുകൾ പ്രകാരം 1228976 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത് അതിൽ 583950 പുരുഷ വോട്ടർമാരും 645019 സ്ത്രീ വോട്ടർമാരും ഏഴ് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു