ന്യുഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വിവാദ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് ഹിന്ദു ന്യൂനപക്ഷ സീറ്റ് ആയതിനാല്‍ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ ചട്ട ലംഘനമില്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതോടെ മോദിക്ക് എതിരായ ആറ് പരാതികളിലും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രിക്ക് ക്ളീൻ ചിറ്റ് നല്‍കി. പ്രചാരണവേളയില്‍ ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേന എന്ന് അമിത് ഷാ വിളിച്ചതിലും ചട്ടലംഘനമില്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടിസിനു മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് കുറച്ചു കൂടി സാവകാശം നല്‍കി. മെയ് ഏഴ് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സമയം നീട്ടി നല്‍കണമെന്ന രാഹുന്‍റെ ആവശ്യം കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ 23 ന് മധ്യപ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദിയുടേത് എന്ന പ്രസ്താവനയ്ക്ക് എതിരെ ബിജെപി നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.