ബോളിവുഡ് താരം സണ്ണി ഡിയോളിനെ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ അന്തരിച്ച എംപിയും നടനുമായ വിനോദ് ഖന്നയുടെ ഭാര്യ രംഗത്തെത്തി. ഭര്‍ത്താവ് നാല് തവണ ജയിച്ച മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ഥിയാക്കാത്ത പാര്‍ട്ടി നടപടി വേദനാജനകമെന്ന് കവിത ഖന്ന പറഞ്ഞു. പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അത് മാനിക്കുന്നു. പക്ഷേ അത് നടപ്പാക്കിയ രീതി തന്നെ തള്ളിക്കളഞ്ഞതിന് തുല്യമാണെന്നും കവിത വ്യക്തമാക്കി.
മണ്ഡലത്തില്‍ തനിക്ക് വ്യക്തമായ വോട്ടുബാങ്കുണ്ടെന്ന് കവിത അവകാശപ്പെട്ടിരുന്നു. 1998,1999, 2004, 2014 തെരഞ്ഞെടുപ്പുകളില്‍ ബിജെപി ടിക്കറ്റില്‍ ലോക്സഭയിലെത്തിയ വിനോദ് ഖന്ന 2017 ലാണ് അന്തരിച്ചത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. ഇത്തവണ കവിതയെ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സണ്ണി ഡിയോളിന് സീറ്റ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.