കൊല്ലം: ഇ.എം.എസ് സർക്കാർ കമ്മ്യൂണിസ്റ്റുകൾക്ക് അഭിമാനമായിരുന്നെങ്കിൽ സ്വർണം കടത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ അപമാനമാണെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കൊട്ടാരക്കര പൂവറ്റൂരിൽ എന്‍.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കൊള്ളയടിക്കുന്നവരും കള്ളം പറയുന്നവരും കേരളത്തിൽ ഭരണാധികാരികളായി ഇനി വേണ്ട. സ്വന്തം കീശയിലേക്ക് പണം മാറ്റുന്ന സർക്കാരായിരുന്നു എൽഡിഎഫ്. യുഡിഎഫിന്‍റെ പ്രകടന പത്രികയിൽ ഒന്നുമില്ലെന്നും രാഹുൽ ഗാന്ധി മത തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ഒന്നും മിണ്ടില്ലെന്നും നിര്‍മല പറഞ്ഞു.
പ്രധാനമന്ത്രിക്ക് ആരോടും വിവേചനമില്ല. ബിജെപിക്ക് പ്രാതിനിധ്യമില്ലാത്ത സംസ്ഥാനങ്ങളോട് വേർതിരിവ് കാണിക്കില്ലെന്നും നിർമല പറഞ്ഞു. കൊട്ടാരക്കര ബോയ്സ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ മന്ത്രി റോഡ് മാർഗമാണ് വേദിയിൽ എത്തിയത്. ട്രക്ക് മറിഞ്ഞ് മരണപ്പെട്ട ധീരജവാൻ അഭിലാഷിന്റെ ചിത്രത്തിനുമുൻപിൽ മന്ത്രി പുഷ്പ ചക്രം അർപ്പിച്ചു.