പാലക്കാട് : ഇ ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്‍റേത് ജല്‍പ്പനങ്ങളാണ്. ഏത് വിദഗ്ധനും ബിജെപി ആയാൽ ആ പാര്‍ട്ടിയുടെ സ്വഭാവം കാണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിക്ക് ആശയക്കുഴപ്പമില്ല. വിധി വരുമ്പോള്‍ എല്ലാവരുമായും ചര്‍ച്ച നടത്തും. അപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ അവിടെ യാതൊരു പ്രശ്നവുമില്ലെന്നും പിണറായി വിജയന്‍ വിശദീകരിച്ചു.
കെ.ജി മാരാരുടെ ബൂത്ത് ഏജന്‍റായി പ്രവര്‍ത്തിച്ചെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അദ്ദേഹം തള്ളി. 1977 ല്‍ താന്‍ മത്സര രംഗത്തുണ്ട്. അപ്പോള്‍ എങ്ങനെയാണ് ഏജന്‍റായി പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലാകെ നടന്ന കോ-ലീ-ബി സഖ്യത്തിന്‍റെ കാര്യം ഒ രാജഗോപാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നേമത്ത് കോണ്‍ഗ്രസ് വോട്ട് കിട്ടിയിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞിട്ടുണ്ട്. മതനിരപേക്ഷത ഉയര്‍ത്തി ഇത്തരം നീക്കങ്ങളെ ചെറുക്കണം. അക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കെ ബാബു പരസ്യമായി ബിജെപി പിന്‍തുണ തേടിയിരിക്കുകയാണ്. എല്‍ഡിഎഫിന് ഒരു അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു അമ്മ എന്ന നിലയ്ക്ക് അവര്‍ക്കുണ്ടായ വേദന ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാനാണ് വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ശ്രമിച്ചത് . പൂര്‍ണമായും അവര്‍ക്ക് തൃപ്തികരമായ രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്‍കി. ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന യു.ഡി.എഫ് പ്രഖ്യാപനം ക്രൂരമാണെന്നും പിണറായി വിജയന്‍ പട്ടാമ്പിയില്‍ വ്യക്തമാക്കി.