ആലപ്പുഴ : ചേർത്തല നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ സംസ്ഥാന കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ പി പ്രസാദിനെ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്. നിലവിൽ ആലപ്പുഴ ജില്ലയിലെ 2 മണ്ഡലങ്ങളിലാണ് സിപിഐക്ക് സീറ്റുള്ളത്. ഇതിൽ ചേർത്തലയിലാണ് പ്രസാദിനെ അങ്കത്തിന് ഇറക്കിയിരിക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമനാണ് നിലവിൽ ചേർത്തലയെ പ്രതിനിധീകരിച്ച് നിയമസഭയിലുള്ളത്. സിപിഐയ്ക്ക് വിജയസാധ്യത ഏറെയുള്ള സീറ്റ് എന്ന നിലയിലാണ് മണ്ഡലം നിലനിർത്താൻ പ്രസാദിനെ ചേർത്തലയിൽ പാർട്ടി നിയോഗിച്ചിരിക്കുന്നത്.
പാലമേല്‍ പഞ്ചായത്തില്‍ ജി പരമേശ്വരന്‍ നായരുടെയും ഗോമതിയമ്മയുടേയും മകനാണ് പി പ്രസാദ്. അച്ഛന്‍ പരമേശ്വരന്‍നായര്‍ എഐടിയുസി നേതാവും സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പി പ്രസാദ് എഐഎസ്‌എഫിലൂടെയാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. നൂറനാട് സിബിഎം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എഐഎസ്‌എഫ് താലൂക്ക് പ്രസിഡന്‍റായി. പന്തളം എന്‍എസ്‌എസ് കോളജിലെ എഐഎസ്‌എഫ് യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. എഐഎസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ്, എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശിയ എക്‌സിക്യൂട്ടീവ് അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും ഈ 51കാരന്‍ കഴിവ് തെളിയിച്ചു. 2011ലെ വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരും ആയിരുന്നു ഇദ്ദേഹം.
ഒട്ടേറെ പരിസ്ഥിതി സമരങ്ങള്‍ക്ക് നേതൃത്വം നൽകാന്‍ പി പ്രസാദിന് കഴിഞ്ഞു. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്ന സമരത്തിന് പ്രസാദിന്‍റെ നേതൃത്വത്തിൽ ആരംഭം കുറിച്ചത്. കൂടാതെ പ്ലാച്ചിമട സമരവും മുന്നിൽ നിന്ന് നയിച്ചു. നര്‍മദ ബച്ചാവോ ആന്തോളന്‍ സമരത്തില്‍ മേധാ പട്‌കര്‍ക്കൊപ്പം മാസങ്ങളോളം വിവിധ സംസ്ഥാനങ്ങളില്‍ പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശത്തെ കരിമണല്‍ ഖനന വിരുദ്ധ സമരത്തിന് പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പുതിയ മുഖം നല്‍കുവാനും പി പ്രസാദിന് കഴിഞ്ഞു. സിപിഐ സംസ്ഥാന പരിസ്ഥിതി സബ് കമ്മിറ്റി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി റഷ്യ, ക്യൂബ, നേപ്പാള്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നിരവധി വിദ്യാര്‍ഥി യുവജന സമരങ്ങളെ മുന്നില്‍നിന്ന് നയിച്ച പി പ്രസാദ് 34 ദിവസം ജയില്‍വാസവും അനുഭവിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്നും മത്സരിച്ച അദ്ദേഹം മികച്ച പ്രാസംഗികൻ കൂടിയാണ്.