കേരളത്തിൽ ആർഎസ്‌പിയുടെ കുത്തക മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ. മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ ഉൾപെടുന്ന എസ്.സി സംവരണ മണ്ഡലമാണ് കുന്നത്തൂർ. കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട, മൺട്രോതുരുത്ത്, കിഴക്കേക്കല്ലട, പവിത്രേശ്വരം പഞ്ചായത്തുകൾ അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
കൊല്ലം ജില്ലയിൽ ഇടത് മുന്നണിയോട് സ്ഥിരമായി കൂറുപുലർത്തുന്ന മണ്ഡലമാണ് കുന്നത്തൂർ. 1957 മുതലുളള ചരിത്രം നോക്കിയാൽ 12 തവണയും മണ്ഡലം ഇടതുമുന്നണിക്കൊപ്പമാണ് നിന്നത്. കഴിഞ്ഞ ഇരുപത് വർഷമായി കോവൂർ കുഞ്ഞുമോനാണ് കുന്നത്തൂരിന്‍റെ എംഎൽഎ. 2001 മുതൽ 2016 വരെ ആർ.എസ്.പിയുടെ ഭാഗമായും 2016-ൽ ആർഎസ്‌പി, എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിന് ഒപ്പം ചേർന്നപ്പോഴും ആർഎസ്‌പി ലെനിനിസ്‌റ്റ് പാർട്ടി രൂപീകരിച്ച് കുഞ്ഞുമോൻ എൽഡിഎഫിനൊപ്പം നിന്നു. ഇത്തവണയും കോവൂർ കുഞ്ഞുമോൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ആർഎസ്‌പിയുടെ ഉല്ലാസ് കോവൂർ തന്നെയാണ് കുഞ്ഞുമോന്‍റെ എതിരാളി.
തെരഞ്ഞെടുപ്പ് ചരിത്രം
1957 മുതലാണ് മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയ്‌ക്കൊപ്പമാണ് മണ്ഡലം നിന്നത്. തുടർന്ന് 1960, 1967, 1982 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കുന്നത്തൂരിൽ കോൺഗ്രസ് പാർട്ടിക്കായിരുന്നു വിജയം. അതിനു ശേഷം ഇന്നുവരെ കോൺഗ്രസിനോ യുഡിഎഫിനോ ഇവിടെ വിജയിക്കാൻ ആയിട്ടില്ല. 1987 മുതൽ 2001 വരെ ടി. നാണുവും 2001 മുതൽ 2021 വരെ കോവൂർ കുഞ്ഞുമോനുമായിരുന്നു എംഎൽഎമാർ.
2011ലെ തെരഞ്ഞെടുപ്പ്
74.01 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,43,918 പേർ വോട്ട് രേഖപെടുത്തി. 12,008 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ പി.കെ രവിയെ തോൽപിച്ച് കോവൂർ കുഞ്ഞുമോൻ ഹാട്രിക്ക് വിജയം കരസ്ഥമാക്കി. ഈ തെരഞ്ഞെടുപ്പിൽ കോവൂർ കുഞ്ഞുമോന് 71,923 (49.97) വോട്ടും പി.കെ രവിക്ക് 59,835 (41.58) വോട്ടും ബിജെപി സ്ഥാനാർഥി രാജി പ്രസാദിന് 5,949 (4.13) വോട്ടും ലഭിച്ചു.
2016 ലെ തെരഞ്ഞെടുപ്പ്
ആർഎസ്പി യുഡിഎഫിന്‍റെ ഭാഗമായി നിന്ന് മത്സരിച്ച തെരഞ്ഞെടുപ്പിൽ 76.63 ശതമാനം പോളിങ് നടന്നു. തെരഞ്ഞെടുപ്പിൽ 1,59,808 പേർ വോട്ട് രേഖപെടുത്തി. 20,529 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആർ.എസ്.പി സ്ഥാനാർഥി ഉല്ലാസ് കോവൂരിനെ എൽ.ഡിഎഫിനൊപ്പം നിന്ന കോവൂർ കുഞ്ഞുമോൻ പരാജയപെടുത്തി. ആ തെരഞ്ഞെടുപ്പിൽ കോവൂർ കുഞ്ഞുമോന് 75,725(47.38) ഉല്ലാസ് കോവൂരിന് 55,196(34.54) വോട്ടും എൻഡിഎയുടെ ബിഡിജെഎസ് സ്ഥാനാർഥി താഴ്വ സഹദേവന് 21,742 വോട്ടും ലഭിച്ചു.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ്
മണ്ഡലത്തിൽ ഉൾപെടുന്ന പത്ത് പഞ്ചായത്തുകളിൽ അഞ്ച് എണ്ണം വീതം യുഡിഎഫും എൽഡിഎഫും ഭരിക്കുന്നു.
യുഡിഎഫ്: മൈനാഗപ്പള്ളി,പോരുവഴി, ശൂരനാട് വടക്ക്,മൺട്രോതുരുത്ത്,കിഴക്കേക്കല്ലട
എൽഡിഎഫ്: കുന്നത്തൂർ,ശാസ്താംകോട്ട, ശൂരനാട് തെക്ക്,പടിഞ്ഞാറേ കല്ലട, പവിത്രേശ്വരം
2021 ലെ തെരഞ്ഞെടുപ്പ്
ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ കുന്നത്തൂരിൽ. കോവൂർ കുഞ്ഞുമോൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി.ഉല്ലാസ് കോവൂർ തന്നെയാണ് യുഡിഎഫിന്‍റെയും സ്ഥാനാർഥി. ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദാണ് എൻഡിഎ സ്ഥാനാർഥി. മണ്ഡലത്തിലെ വികസന മുരിടിപ്പും സർക്കാരിന്‍റെ അഴിമതിയുമാണ് യുഡിഎഫിന്‍റെ പ്രചാരണ വിഷയമാക്കുന്നത്. എന്നാൽ സർക്കാരിന്‍റെ വികസന നേട്ടം ചൂണ്ടികാണിച്ചാണ് എൽഡിഎഫിന്‍റെ പ്രചാരണം.ശബരിമല വിഷയം ഉയർത്തിയാണ് ബിജെപി പ്രചാരണം.