ഇടതിനെയും വലതിനെയും ഒരു സ്നേഹിക്കുന്ന മണ്ഡലമാണ് കുണ്ടറ. കശുവണ്ടി വ്യവാസയത്തിന് പേരുകേട്ട നാടാണ് കുണ്ടറ. കുണ്ടറ വിളംബരത്തിന്‍റെ നാട്ടിൽ ജെ മേഴ്‌സി കുട്ടിയമ്മയാണ് മണ്ഡലത്തെ ഏറ്റവും കാലം പ്രതിനിധീകരിച്ച എംഎൽഎ. കുണ്ടറ, ഇളംപളളൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ മണ്ഡലം.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
കഴിഞ്ഞ മൂന്ന് തവണയായി ഇടതിനൊപ്പമാണ് മണ്ഡലം നിൽകുന്നതെങ്കിലും ആരോടും സ്ഥിരമായ സ്നേഹം കാണിക്കാത രാഷ്ട്രീയ ചരിത്രമാണ് കുണ്ടറയ്ക്ക് പറയാനുളളത്. 2006 വരെയുള്ള തെരഞ്ഞെടുപ്പിൽ മാറി മാറി ഇരുമുന്നണികളെയും സഹായിച്ച പാരമ്പര്യമാണ് കുണ്ടറയ്‌ക്കുള്ളത്. മണ്ഡലത്തെ വിവിധ കാലഘട്ടങ്ങളിലായി ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ചത് ഇപ്പോഴത്തെ എംഎൽഎ ജെ. മേഴ്‌സികുട്ടിയമ്മയാണ്. 1987, 1996, 2016 എന്നീ വർഷങ്ങളിലായി മൂന്ന് തവണയാണ് മേഴ്‌സികുട്ടിയമ്മ കുണ്ടറയുടെ എംഎൽഎ ആയത്. ഏറ്റവും കൂടുതൽ തവണ കുണ്ടറയിൽ മത്സരിച്ച സ്ഥാനാർഥിയും മേഴ്സികുട്ടിയമ്മയാണ്. ഇതുവരെ അഞ്ച് തെരഞ്ഞെടുപ്പുകളിലാണ് മേഴ്സികുട്ടിയമ്മ മത്സരിച്ചത്. അതിൽ മൂന്ന് വട്ടം വിജയിക്കുകയും രണ്ട് വട്ടം പരാജയപെടുകയും ചെയ്‌തു. കശുവണ്ടി തൊഴിലാളി വോട്ടുകൾ നിർണായകമാകുന്ന മണ്ഡലത്തിൽ കശുവണ്ടി വ്യവസായത്തിലെ നേട്ടവും കോട്ടവും ഇവിടെ ചർച്ചയാകും. അവസാന നിമിഷമാണ് കോൺഗ്രസിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായതെങ്കിലും കരുത്തനായ സ്ഥാനാർഥിയെ കിട്ടിയ ആവേശത്തിലാണ് യുഡിഎഫ് പ്രവർത്തകർ. ആഴക്കടൽ വിവാദവും കശുവണ്ടി വ്യവസായത്തിലുണ്ടായ പ്രതിസന്ധിയും യുഡിഎഫ് ചർച്ചയാക്കുമ്പോൾ കശുവണ്ടി വ്യവാസയത്തിനുണ്ടായ നേട്ടവും മണ്ഡലത്തിൽ ചെയ്ത വികസനവും എൽഡിഎഫിന് ഗുണം ചെയ്യുമെന്ന വിശ്വവാസത്തിലാണ് പ്രവർത്തകർ. കൊല്ലം വികസനത്തിനായി മോദി സർക്കാർ ചെയ്ത സഹായങ്ങൾ ഉയർത്തികാട്ടിയാണ് എൻഡിഎയുടെ പ്രചാരണം.
തെരഞ്ഞെടുപ്പ് ചരിത്രം
1967 മുതലാണ് കുണ്ടറയുടെ തെരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്. മൂന്നാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പി.കെ സുകുമാരൻ കുണ്ടറയുടെ ആദ്യ എംഎൽഎ ആയി. 1970 -ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ എ.എ റഹീം കുണ്ടറയുടെ എംഎൽഎ ആയി. 1977ലും അദ്ദേഹം തന്നെയായിരുന്നു കുണ്ടറയുടെ എംഎൽഎ. 1980ലെ തെരഞ്ഞെടുപ്പിൽ വി.വി. ജോസഫിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചു. 1982-ൽ മണ്ഡലം വീണ്ടും കോൺഗ്രസിനൊപ്പം നിന്നു. 1987 -ൽ മേഴ്സികുട്ടിയമ്മയിലൂടെ മണ്ഡലം സിപിഎമ്മിനൊപ്പം നിന്നു. 1991-ൽ മണ്ഡലം വീണ്ടും കോൺഗ്രസിനൊപ്പം നിന്നു അൽഫോൻസ ജോൺ ആയിരുന്നു അന്ന് കോൺഗ്രസ് സ്ഥാനാർഥി. 1996-ൽ മേഴ്സികുട്ടിയമ്മ കുണ്ടറയിൽ വീണ്ടും ചെങ്കൊടി പാറിച്ചു. 2001-ൽ കടവൂർ ശിവദാസനിലൂടെ കോൺഗ്രസ് വീണ്ടും കുണ്ടറയിൽ മൂവർണ്ണ കൊടി പാറിച്ചു. അന്ന് വിജയിച്ച കടവൂർ ശിവദാസൻ എ.കെ ആന്‍റണി മന്ത്രിസഭയിൽ വനം മന്ത്രിയുമായി. 2006 ലെ തെരഞ്ഞെടുപ്പിൽ എം.എ ബേബിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച സിപിഎം അദ്ദേഹത്തെ വി.എസ് മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രിയുമാക്കി. 2011ലും എംഎ ബേബി തന്നെയായിരുന്നു എംഎൽഎ. 2016-ൽ മേഴ്സികുട്ടിയമ്മ കുണ്ടറയിൽ നിന്ന് വിജയിച്ച് പിണറായി സർക്കാരിൽ ഫിഷറീസ് വകുപ്പ് മന്ത്രിയായി.
2011ലെ നിയമസഭ തെരഞ്ഞെടുപ്പ്
71.47 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,27,924 പേർ വോട്ട് രേഖപെടുത്തി. 14,703 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ പി. ജെർമിയാസിനെ പരാജയപെടുത്തി സിപിഎമ്മിന്‍റെ എം.എ ബേബി വീണ്ടും കുണ്ടറയുടെ എംഎൽഎ ആയി. ആ തെരഞ്ഞെടുപ്പിൽ എം.എ ബേബിക്ക് 67,135 (52.48)വോട്ടും പി.ജെർമിയാസിന് 52,342 (40.92) വോട്ടും ബിജെപി സ്ഥാനാർഥി വെളളിമൺ ദിലീപിന് 5,990 (4.68) വോട്ടും ലഭിച്ചു.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പ്
76.22 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,52,558 വോട്ട് രേഖപെടുത്തി. 30,460 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ രാജ് മോഹൻ ഉണ്ണിത്താനെ തോൽപിച്ച് മേഴ്സിക്കുട്ടിയമ്മ മണ്ഡലം നിലനിർത്തി. ആ തെരഞ്ഞെടുപ്പിൽ മെഴ്‌സിക്കുട്ടിയമ്മയ്ക്ക് 79,047 (51.81) വോട്ടും രാജ് മോഹൻ ഉണ്ണിത്താന് 48,587 (31.85) വോട്ടും ബിജെപി സ്ഥാനാർഥി എം.സി ശ്യാംകുമാറിന് 20,257 (13.28) വോട്ടും ലഭിച്ചു.
2020 ലെ തദ്ദേശം
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ ആറെണ്ണം എൽഡിഎഫും ഒരെണ്ണം യുഡിഎഫും ഭരിക്കുന്നു.
യുഡിഎഫ്: പേരയം
എൽഡിഎഫ്: കുണ്ടറ, ഇളംപളളൂർ, കൊറ്റംകര, നെടുമ്പന, പെരിനാട്, തൃക്കോവിൽ വട്ടം
2021 ലെ തദ്ദേശ തെരഞ്ഞെടുപ്പ്
സിറ്റിങ് എംഎൽഎ മേഴ്‌സിക്കുട്ടിയമ്മ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനു വേണ്ടി പി.സി വിഷ്ണുനാഥാണ് മത്സരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിന്‍റെ വനജ വിദ്യാധരനാണ് സ്ഥാനാർഥി.