മലപ്പുറം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ നിന്ന് ട്രാൻസ്‌ജെൻഡർ സ്ഥാനാര്‍ഥിയും. വേങ്ങര മണ്ഡലത്തിലെ അനന്യ കുമാരി അലക്‌സാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുപ്പിന് എത്തുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാര്‍ഥിയെന്ന ബഹുമതിയും അനന്യ സ്വന്തമാക്കിയിരിക്കുകയാണ്.
വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടിയാണ് അനന്യ മത്സരിക്കുന്നത്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി, എൽഡിഎഫ് സ്ഥാനാർഥി പി ജിജി എന്നിവർ മത്സരിക്കുന്ന ഒരു താരമണ്ഡലത്തിലാണ് അനന്യയുടെ ചരിത്രപോരാട്ടം എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി കൂടിയാണ് അനന്യ. ധാരാളം വെല്ലുവിളികളെ അതിജീവിച്ചാണ് അനന്യ മത്സരക്കളത്തില്‍ ഇറങ്ങുന്നത്. പ്രചാരണ വേളയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ജയമോ തോല്‍വിയോ അല്ല, മറിച്ച് തങ്ങളുടെ വിഭാഗത്തെ പ്രതിനിധീകരിക്കണം എന്നതാണ് ലക്ഷ്യം. തന്‍റെ ഈ മത്സരം ചരിത്രത്തിന്‍റെ ഭാഗമാകണം.
ആരും തിരിച്ചറിയാതെ ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ ജീവിച്ചു പോകുന്ന ഒരാളാവാനല്ല. താനിവിടെ ജീവിച്ചിരുന്നു എന്നതിന്‍റെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കണം. ധാരാളം വിജയങ്ങള്‍ പൊരുതി നേടാനാണ് തന്‍റെ ശ്രമമെന്നും എന്നും അനന്യ പറഞ്ഞു. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്‍റെ ഉദ്ദേശം ഒരു പ്രതിനിധിയാവുക എന്നതു തന്നെയാണെന്നും ജയിച്ചാല്‍ നേതൃസ്ഥാനത്ത് നിന്ന് സമൂഹത്തിലെ മാറ്റിനിര്‍ത്തപ്പെടുന്ന ഒരു വിഭാഗം ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം എന്നാണ് ആഗ്രഹമെന്നും അനന്യ കൂട്ടി ചേർത്തു.