ഇടുക്കി: ജില്ലയിൽ സ്ത്രീകള്‍ മാത്രം നിയന്ത്രിച്ച പിങ്ക് ബൂത്തുകള്‍ ശ്രദ്ധേയമായി. തൊടുപുഴ, ഇടുക്കി എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പിങ്കു ബൂത്തുകളായി പ്രവര്‍ത്തിച്ചത്. തൊടുപുഴ മണ്ഡലത്തിലെ 69 ആം നമ്പര്‍ പന്നൂര്‍ എന്‍എസ്എസ് യു.പി. സ്‌കൂൾ (കിഴക്ക് ഭാഗം), 158 ആം നമ്പര്‍ കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്. (പടിഞ്ഞാറ് ഭാഗം), ഇടുക്കി നിയോജക മണ്ഡലത്തിലെ 167 ആം നമ്പര്‍ വെള്ളയാംകുടി സെന്‍റ് ജെറോംസ് യു.പി സ്‌കൂള്‍ (വലത് ഭാഗം), 169 ആം നമ്പര്‍ വെള്ളയാംകുടി സെന്‍റ് ജെറോംസ് യു.പി സ്‌കൂള്‍ (ഇടത് ഭാഗം) എന്നീ ബൂത്തുകളാണ് ജില്ലയിൽ പിങ്ക് ബൂത്തുകളായി പ്രവർത്തിച്ചത്.
പിങ്ക് ബൂത്തുകളുടെ നിയന്ത്രണം മുഴുവനും സ്ത്രീകള്‍ക്കായിരിന്നു. ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, രണ്ടാം പോളിങ് ഓഫീസര്‍, മൂന്നാം പോളിങ് ഓഫീസര്‍, പോളിങ് അസിസ്‌റ്റന്‍റ് എന്നിങ്ങനെ അഞ്ച് ഉദ്യോഗസ്ഥരും ബൂത്തിന്‍റെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ഈ ബൂത്തുകളില്‍ സ്ത്രീകളായിരുന്നു.