എറണാകുളം: എറണാകുളം തുരുത്തിപ്പുറത്ത് മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച യുവാക്കൾ അറസ്‌റ്റിൽ. വടക്കേക്കര സ്വദേശികളായ ബിജു, ശാന്തി ലാൽ, കണ്ണൻ, സെബാസ്റ്റ്യൻ എന്നിവരാണ് അറസ്‌റ്റിലായത്. വടി കൊണ്ട് തലയ്‌ക്കടിയേറ്റ എസ്‌എച്ച്‌ഒ സൂരജിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാക്കളുടെ മർദനത്തിൽ എഎസ്ഐ ബേബി, സിപിഒ മിറാഷ് എന്നിവർക്കും പരിക്കേറ്റു. ചൊവ്വാഴ്‌ച (04.10.2022) രാവിലെ മുതൽ പ്രതികൾ തുരുത്തിപ്പുറത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്.
ഇവരെ ഇവിടെ നിന്നും തിരിച്ചയക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന യുവാക്കൾ വഴങ്ങിയില്ല. തുടർന്നാണ് വടക്കേക്കര എസ്എച്ച്ഒ അടങ്ങുന്ന പൊലീസ് സംഘമെത്തി ഇവരെ ബലമായി കസ്‌റ്റഡിയിലെടുക്കാൻ ശ്രമിച്ചത്. ഇതിനിടെ പ്രതികൾ പൊലീസിനെ അക്രമിക്കുകയായിരുന്നു.
സംഘത്തിൽപെട്ട ബിജു വടി ഉപയോഗിച്ച് എസ്എച്ച്ഒ സൂരജിന്‍റെ തലയ്ക്ക് അടിച്ചതോടെ അദ്ദേഹം തല കറങ്ങി വീഴുകയായിരുന്നു. പ്രതികളെല്ലാവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു