കോട്ടയം: പീടികപ്പടിയില്‍ ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഫാത്തിമാപുരം സ്വദേശി കണ്ണൻ (26), തൃക്കൊടിത്താനം സ്വദേശി സതീഷ് കുമാർ (49) എന്നിവരാണ് അറസ്റ്റിലായത്. പീടികപ്പടിയിലെ ബാര്‍ ജീവനക്കാരനായ ബിജുവിനെയാണ് ഇരുവരും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഇന്നലെ (നവംബര്‍ 7) വൈകുന്നേരമാണ് സംഭവം. ബാറില്‍ മദ്യപിക്കുന്നതിനിടെ ഇരുവരും മദ്യത്തെ ചൊല്ലി ജീവനക്കാരനായ ബിജുവുമായി വാക്കേറ്റവും തുടര്‍ന്ന് അടിപിടിയുമുണ്ടായി. അതിനിടെയാണ് സോഡ കുപ്പിക്കൊണ്ട് ബിജുവിന്‍റെ തലയ്ക്ക് അടിയേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃക്കൊടിത്താനം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പരിക്കേറ്റ ജീവനക്കാരന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. എസ്.എച്ച്.ഒ അജിബ് ഇ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ സാൻജോ, സി.പി.ഒ മാരായ ജസ്റ്റിൻ, സെൽവരാജ്, അനീഷ് ജോൺ, ജോഷി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.