എറണാകുളം: എറണാകുളം നഗരത്തിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കെഎസ്‌ആർടിസി ബസ്സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് (40) മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ബസ് സ്റ്റാൻഡിന് സമീപം റോഡരികിൽ വച്ച് കുത്തേറ്റശേഷം സമീപത്തെ അബേദ്ക്കർ സ്റ്റേഡിയത്തിന് സമീപം വീണു മരിച്ചുവെന്നാണ് കരുതുന്നത്. റോഡരികിൽ രക്തക്കറ കണ്ടത്തിയതും മൃതദേഹം കണ്ടെത്തിയ സ്ഥലവും തമ്മിലുളള ദൂരമാണ് ഇത്തരമൊരു സംശയത്തിന് കാരണമാകുന്നത്.
അർധരാത്രിക്ക് ശേഷം ആക്രമണം നടന്നുവെന്നാണ് കരുതുന്നത്. പുലർച്ചെയാണ് മൃതദേഹം കണ്ടത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശേധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കൊച്ചി നഗരത്തിൽ മറ്റു പ്രദേശങ്ങളിൽ നിന്നെത്തി ആക്രമണത്തിനിരയാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഏതാനും നാളുകളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് പൊലീസ് ഗൗരവമായാണ് കാണുന്നത്.
രാത്രികാല പട്രോളിങ് ഉൾപ്പടെ വർധിപ്പിച്ചുവെങ്കിലും ആക്രമണ സംഭവങ്ങൾ വർധിക്കുന്നതും, പല കേസുകളിലും പ്രതികളെ പിടികൂടാൻ കഴിയാത്തതും വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
ALSO READ: തിരുവല്ലയിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി