ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ മൂന്ന് നില കെട്ടിടത്തിന് തീവച്ച കേസിലെ പ്രതി ശുഭം ദീക്ഷിതിനെ ഇൻഡോർ പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയ് നഗര്‍ സ്വര്‍ണ ഭാഗ് കോളനിയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഏഴ് പേരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിന് തീയിട്ടതാണ് അപകടത്തിന് കാരണമായത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതേ കെട്ടിടത്തിലെ താമസക്കാരനായ പ്രതി ശുഭം ദീക്ഷിത് മറ്റൊരു താമസക്കാരിയായ യുവതിയോട് പ്രണയാഭ്യയര്‍ഥന നടത്തിയിരുന്നു. ഇത് യുവതി നിരസിച്ചതില്‍ പ്രകോപിതനായി ഇയാള്‍ യുവതിയുടെ സ്‌കൂട്ടറിന് തീവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സ്‌കൂട്ടറില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നു. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അഗ്‌നിശമന സേനയ്ക്ക് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ സംഭവം മനസിലായത്. പ്രതിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Also Read മധ്യപ്രദേശില്‍ വന്‍ തീപിടിത്തം ; ഏഴ് പേര്‍ വെന്തുമരിച്ചു