പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. മല്ലപ്പള്ളി ആനിക്കാട് മാരിക്കല്‍ നമ്പുരാക്കല്‍ വീട്ടില്‍ ജോൺസൺ ബെന്നിയാണ് (19) കീഴ്വായ്പൂർ പൊലീസിന്റെ പിടിയിലായത്. ഈ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്. പ്രതി ഇയാളുടെ വീട്ടിലെത്തിച്ച് പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പെൺകുട്ടിയുടെ മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പെൺകുട്ടിക്ക് കൗണ്‍സിലിങ് ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
പെൺകുട്ടിയെ വീഡിയോകോളിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷമാണ് പ്രതിയായ യുവാവിനെ ഇയാളുടെ വീടിന് സമീപത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ ആദർശ്, എസ് സി പി ഒ അൻസിം, സി പി ഓമാരായ ജെയ്സൺ സാമൂവൽ, സജി ഇസ്മായിൽ എന്നിവരാണ് പങ്കെടുത്തത്.