കണ്ണൂർ: വാടകയ്ക്ക് വീട് എടുത്ത് മയക്കു മരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്‌റ്റിൽ. ഏഴരക്കിലോ കഞ്ചാവുമായിട്ടാണ് പെരിങ്ങാടി സ്വദേശി ഹിറ മൻസിലിൽ എൻകെ അശ്മീർ അറസ്റ്റിലായത്. എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും എക്സൈസ് കമ്മിഷണറുടെ ഷാഡോ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 7 കിലോ 950ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.
എക്സൈസ് കമ്മിഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. ഒന്നരമാസക്കാലമായി ഇയാൾ ചൊക്ലി കാത്തിരത്തിൻ കീഴിൽ വാടക വീട് കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടത്തി വരുകയായിരുന്നു. സംസ്ഥാനത്ത് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് വിൽപ്പന ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also read: വടകര റെയിൽവെ സ്റ്റേഷനിൽ ഗോവ മദ്യം പിടികൂടി
പ്രിവന്‍റീവ് ഓഫീസർ കെ ശശികുമാർ, കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ്, എം കെ പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനേഷ് നരിക്കോടൻ, യു സ്മിനീഷ്, ഡെപ്യൂട്ടി എക്സൈസ് ഷാഡോ ടീമംഗങ്ങളായ കെ ബിനീഷ് , സികെ സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Also read:വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് ബിസിനസുകാരന്‍റെ അക്കൗണ്ടിൽ നിന്ന് 23.60 ലക്ഷം രൂപ കവർന്നു
പ്രതിയെ തലശ്ശേരി ജെ എഫ് സി എം കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതിയിൽ നടക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മദ്യ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അൻസാരി ബീഗു അറിയിച്ചു.