ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ അക്രമികൾ യുവതിയെ തെരുവിലിട്ട് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഓഗസ്‌റ്റ് 10നായിരുന്നു ദാരുണമായ സംഭവം. അക്രമണത്തിന് ഇരയായ യുവതി ഓഗസ്‌റ്റ് 16ന് മരണത്തിന് കീഴടങ്ങി.
ഇരയായ പെൺകുട്ടിയുടെ വീട്ടിലേക്ക് അക്രമികൾ കടന്നു കയറുകയും യുവതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികൾ അവരെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാൽ അവർക്കും ഈ ക്രൂര കൃത്യത്തിന്‍റെ കാഴ്‌ചക്കാരായി നിൽക്കേണ്ടി വന്നു. പിന്നീട് യുവതിയോട് വീടിനുള്ളിൽ നിന്നും പുറത്തുവരാൻ അക്രമികൾ ആവശ്യപ്പെടുകയും യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ സവായ് മാൻസിംഗ് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ഒരാഴ്‌ചയോളം ജീവനുവേണ്ടി മല്ലിട്ട ശേഷം മരണത്തിന് കീഴടങ്ങി. യുവതി അയൽവാസികൾക്ക് പണം കടം കൊടുത്തിരുന്നതായും ഈ പണം തിരികെ നൽകാതിതിക്കാൻ പ്രതികൾ യുവതിയെ ആക്രമിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പ്രതികൾക്ക് എതിരെ യുവതി മുൻപ് ജില്ലയിലെ റൈസർ പോലീസ് സ്‌റ്റേഷനിൽ ആക്രമണത്തിനും പീഡനത്തുനും കേസ് നൽകിയിരുന്നു.
യുവതിയെ തീകൊളുത്തുന്നതിന്‍റെ ഹൃദയഭേദകമായ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യുവതിയും അയൽവാസികളും തമ്മിൽ ഏറെ നാളായി പണമിടപാട് തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും നേരത്തെ ഇരു വിഭാഗങ്ങളും പരസ്‌പരം കേസെടുത്തിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ജാംവരംഗഡ് ഡി എസ് പി ശിവ കുമാർ പറഞ്ഞു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.