ഹൈദരാബാദ് : ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാഗ്‌ദാനം നല്‍കി യുവതിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയതായി പരാതി. ഹൈദരാബാദ് സ്വദേശിനിയായ 30കാരിയാണ് തട്ടിപ്പിനിരയായത്. യുകെയില്‍ താമസിക്കുകയാണ് താനെന്നും ധനികനായ തനിക്ക് ഒരിന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് താത്പര്യമെന്നും പറഞ്ഞാണ് ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വിവാഹാഭ്യര്‍ഥനയും നടത്തി.
അതിനിടെ ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. രണ്ട് ദിവസത്തിനുശേഷം കസ്റ്റംസ് ഓഫിസില്‍ നിന്നാണെന്ന് അറിയിച്ച് യുവതിക്ക് വിളി വന്നു. യുകെയില്‍ നിന്നും എത്തിയിട്ടുള്ള സമ്മാനം ലഭിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ഉദ്യോഗസ്ഥന്‍ യുവതിയോട് ആവശ്യപ്പെട്ടു. കസ്റ്റംസ്, ജിഎസ്‌ടി, മറ്റ് നികുതികൾ എന്നിങ്ങനെ വിവിധ അക്കൗണ്ടുകളിലായി 15 ലക്ഷം രൂപ നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം.
Also Read ഇന്ത്യൻ ആർമിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്: യുവാവ് പിടിയിൽ
എന്നാല്‍ പണമടച്ച് ഒരാഴ്‌ച കഴിഞ്ഞിട്ടും സമ്മാനം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് യുവതി താന്‍ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. വിദേശ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പുനടത്തുന്നുണ്ടെന്നും അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവരെന്ന് പരിചയപ്പെടുത്തി ഇന്‍സ്റ്റഗ്രാമിലൂടെ യുവതികളെ ഉന്നംവച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നും സൈബര്‍ ക്രൈം എസിപി ജി. ശ്രീധര്‍ പറഞ്ഞു.