കോട്ടയം: കഞ്ചാവ് വാങ്ങാൻ പണമിടപാട് നടത്തിയ യുവതിയെ പൊലീസ് പിടികൂടി. തലയോലപ്പറമ്പിൽ നിന്ന് ഈ മാസം 9ന് കാറിൽ കടത്തുകയായിരുന്ന 92 കിലോ കഞ്ചാവ് ജില്ല പൊലീസ് മേധാവി കെ കാർത്തികിന്‍റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നയാൾക്ക് ബാങ്കിലൂടെ പണം അയച്ചുകൊടുത്ത യുവതിയെ പൊലീസ് പിടികൂടിയത്.
ഇതേ കേസിൽ അറസ്‌റ്റിലായ പ്രതി കെൻസ് സാബുവിന്‍റെ ഭാര്യ ആർപ്പുക്കര പുതുശേരി അനു ഷെറിൻ ജോണാണ് അറസ്‌റ്റിലായത്. തലയോലപറമ്പ് എസ്എച്ച്ഒ കെ.എസ് ജയന്‍റെ നേതൃത്വത്തിൽ തന്ത്രപരമായി ബെംഗ്ലൂരുവില്‍ നിന്നാണ് യുവതിയെ പിടികൂടിയത്. കേസിൽ അറസ്‌റ്റിലാകുന്ന അഞ്ചാമത്തെയാളാണ് അനു.
ബെംഗ്ലൂരുവില്‍ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജിസ്‌റ്റാണ് അനു. കഞ്ചാവ് എത്തിച്ചിരുന്ന ആന്ധ്ര സ്വദേശിക്ക് ബാങ്കിലൂടെ പണം അയച്ചിരുന്നത് അനു ഷെറിനാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് ഷെറിനെ പിടികൂടാനായി പൊലീസ് വല വിരിച്ചത്.
എസ്എച്ച്ഒ കെ.എസ് ജയനൊപ്പം എസ്ഐ അബ്‌ദുല്‍ സമദ്, എഎസ്ഐ ദീപ ചന്ദ്ര, എസ്‌സിപിഒ സ്വപ്ന കരുണാകരൻ, സിപിഒ സാബു ജോസഫ് തുടങ്ങിയരും സംഘത്തിലുണ്ടായിരുന്നു. മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.