കോഴിക്കോട്: ദുബായിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണത്തിൽ ഭർത്താവ് മെഹ്‌നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസിറക്കിയത്. മെഹ്‌നാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
മെഹ്‌നാസ് രാജ്യം വിട്ടിട്ടില്ലെന്നും സംസ്ഥാനാതിർത്തി കടന്നെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുൻകൂർ ജാമ്യത്തിനായി ഇയാള്‍ ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ആത്മഹത്യ പ്രേരണയ്ക്കും മാനസിക-ശാരീരിക പീഡനത്തിനുമാണ് മെഹ്‌നാസിനെതിരെ കേസെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്‌നാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു.
പെരുന്നാളിന് ശേഷം മെഹ്‌നാസ് യാത്രയിലാണെന്നാണ് വീട്ടുകാർ നൽകിയ വിവരം. മാർച്ച് ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്‌ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. റിഫയുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും കാത്തിരിക്കുകയാണ് അന്വേഷണ സംഘം.