ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിയിലെ ഡ്യൂട്ടി കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങിയ പിഎസി ജവാന്‍ വെടിയേറ്റ് മരിച്ച നിലയില്‍. പ്രാദേശിക ആംഡ് കോണ്‍സ്റ്റാബുലറി (PAC) 12-ാം ബറ്റാലിയനിലെ വിപിന്‍ കുമാര്‍ (25) ആണ് മരിച്ചത്. ആഷിയാന ഏരിയയിലെ രമാഭായി ക്യാമ്പ് സൈറ്റിലാണ് വാഹനത്തിനുള്ളില്‍ ജവാന്‍റെ മൃതദേഹം കണ്ടെത്തിയത്. റിപ്പബ്ലിക്ക് ദിനത്തില്‍ വിവാഹം നടക്കാനിരിക്കെയാണ് മരണം.
ഒരു മാസമായി യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിപിന്‍ കുമാറിന് ഡ്യൂട്ടി. വെള്ളിയാഴ്‌ച രാവിലെയോടെ തന്നെ വിപിന്‍ ഡ്യൂട്ടിക്കായി പോയിരുന്നതായി ആഷിയാന ഇന്‍സ്‌പെക്‌ടര്‍ അജയ് പ്രകാശ് മിശ്ര പറഞ്ഞു. വൈകീട്ട് ആറ് മണിയോടെ തന്നെ അദ്ദേഹം സര്‍ക്കാര്‍ വാഹനത്തില്‍ ക്യാമ്പില്‍ തിരികെയെത്തി.
അല്‍പസമയം കഴിഞ്ഞപ്പോള്‍, വിപിന്‍ എത്തിയ വാഹനത്തില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ വെടിയൊച്ച കേട്ടു. ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ കെജിഎംയു ട്രോമ സെന്‍ററില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ആഷിയാന ഇന്‍സ്‌പെക്‌ടര്‍ വ്യക്തമാക്കി.
വിപിന്‍ കുമാറിന്‍റെ കൈവശമുണ്ടായിരുന്ന ഇൻസാസ് റൈഫിളില്‍ നിന്നാണ് വെടിയേറ്റത്. കൂടുതല്‍ അന്വേഷണത്തിനായി ഫോറന്‍സിക് സംഘം തോക്ക് പിടിച്ചെടുത്തു. കൂടാതെ വിരലടയാള വിദഗ്‌ധരെത്തി പരിശോധന നടത്തി. പിഎസി ജവാന്‍റെ മരണം ആത്മഹത്യയാണോ, അതോ കൊലപാതക/അപകട മരണമാണോ എന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അലിഗഡിലെ തെഹ്‌റയിലെ താമസക്കാരനായിരുന്നു വിപിന്‍ കുമാര്‍. പിഎസിയിലെ 2021 ബാച്ച് കോൺസ്റ്റബിളാണ്.