ദിയോഘർ : ജാര്‍ഖണ്ഡില്‍ മത്സ്യവ്യാപാരിയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാസംഘം വെടിവച്ച് കൊലപ്പെടുത്തി. സാഹിബ്‌ഗഞ്ച് സ്വദേശികളായ സന്തോഷ് യാദവ്, രവി മിശ്ര എന്നിവരാണ് മരിച്ചത്. ദിയോഘറിലെ ശ്യാംഗഞ്ച് റോഡില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
സുധാകര്‍ ത്സാ എന്ന മത്സ്യവ്യാപാരിയ്‌ക്ക് സുരക്ഷയൊരുക്കിയിരുന്ന ഉദ്യോഗസ്ഥരാണ് മരിച്ചത്. വ്യവസായികള്‍ തമ്മില്‍ അധികാര തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണമാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്‌ടമാകാന്‍ കാരണമെന്നാണ് സൂചന. സുധാകര്‍ ത്സായെ വധിക്കാന്‍ നേരത്തെയും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം ആയുധങ്ങളുമായെത്തിയ സംഘം സുധാകര്‍ ത്സായെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി ദിയോഘര്‍ പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ജില്ല എസ്‌പി സുഭാഷ് ചന്ദ്ര ജാട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തില്‍ നിന്നും വ്യാപാരിയായ സുധാകര്‍ ത്സാ രക്ഷപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കുറച്ചുപേരെ പിടികൂടിയിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്‌തുവരികയാണെന്നും സുഭാഷ് ചന്ദ്ര ജാട്ട് വ്യക്തമാക്കി.