പത്തനംതിട്ട: കൊവിഡ് കാലത്ത് പൊലീസിനെ പോലും അമ്പരപ്പിച്ച് വ്യാജ ചാരായ നിർമാണം. അടൂരിൽ ചാരായം വാറ്റാനുളള കോട കലക്കി സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ. മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കോട ഉപയോഗിച്ച് ചാരായ വാറ്റ് നടത്തിക്കൊണ്ടിരുന്ന ആംബുലൻസ് ഡ്രൈവറെയും സഹായിയെയും അടൂർ പൊലീസ് പിടികൂടി. 10 ലിറ്റർ ചാരായവും 200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു.
അടൂർ കണ്ണങ്കോട് അബ്ദുൽ റസാഖ് (33), വാറ്റ് നടത്താൻ ഇയാളെ സഹായിച്ച തമിഴ്നാട് സ്വദേശി അനീസ് (46) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പൊലീസിനെ കണ്ടു ഓടി രക്ഷപെട്ടു.
Also Read:പ്രിയങ്കയുടെ മരണം, സ്വമേധയ കേസെടുത്ത് വനിത കമ്മിഷന്‍
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന രാസവസ്തുക്കൾ കലർത്തിയാണ് ഇയാൾ വാറ്റ് നടത്തിവന്നതെന്നു പൊലീസ് പറഞ്ഞു. ബാറ്ററി ഉൾപ്പെടെ പൊടിച്ചു ചേർത്തായിരുന്നു വാറ്റ്. മൊബൈൽ മോർച്ചറിയുടെ മുകൾ ഭാഗം ഇളക്കി മാറ്റിയ ശേഷം അതിനുള്ളിലാണ് കോട കലക്കി സൂക്ഷിച്ചിരുന്നത്. അബ്ദുൽ റസാക്ക് അടൂരിൽ നിന്നുമാണ് ആംബുലൻസ് ഓടിച്ചിരുന്നത്. ആംബുലൻസിലും മൊബൈൽ മോർച്ചറിയിലും ഇയാൾ കഞ്ചാവ് കടത്തുന്നതായി പൊലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. അന്ന് പൊലീസ് ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായിരുന്നില്ല.