പത്തനംതിട്ട : ഭക്ഷണം തീർന്നുപോയെന്ന് പറഞ്ഞതിന് തട്ടുകട നടത്തുന്ന സ്‌ത്രീയെയും മകനെയും തല്ലിച്ചതച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മുണ്ടമല സ്വദേശി പ്രസ്‌റ്റീൻ രാജു (24), കോയിപ്രം സ്വദേശി ഷാരോൺ ഷാജി (22) എന്നിവരാണ് അറസ്റ്റിലായത്. രണ്ടും മൂന്നും പ്രതികളാണ് പിടിയിലായവർ. ഒന്നാം പ്രതി സുനിൽ ഒളിവിലാണെന്നാണ് വിവരം.
കുമ്പനാട് തട്ടുകട നടത്തുന്ന ലിസി ജോയിയെയും മകനെയുമാണ് പ്രതികൾ ക്രൂരമായി മർദിച്ചത്. ബൈക്കിൽ എത്തിയ പ്രതികൾ ഭക്ഷണം ചോദിച്ചപ്പോൾ തീർന്നുപോയെന്ന് പറഞ്ഞതിൽ പ്രകോപിതരായി ലിസിയെയും മകനെയും അക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോയിപ്രം കുമ്പനാട് ചൊവ്വാഴ്‌ച(4-10-2022) രാത്രിയായിരുന്നു സംഭവം.
കേസിൽ ഒന്നാം പ്രതിയായ സുനിൽ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ, കടയുടെ സമീപത്തുനിന്ന രാജൻ എന്നയാൾ ഇത് ചോദ്യം ചെയ്‌തു. ഇയാളെ പ്രതികൾ തല്ലിയപ്പോൾ പിടിച്ചുമാറ്റാനെത്തിയ ലിസിയുടെ മകൻ അനീഷ് കുമാറിനെ പ്രതികൾ മർദിക്കുകയായിരുന്നു. മകനെ പ്രതികൾ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ലിസിക്ക് മർദനമേറ്റത്. പ്രതികളിലൊരാൾ ബൈക്കിലുണ്ടായിരുന്ന ഇരുമ്പ് കമ്പികൊണ്ട് ലിസിയുടെ മകനെ അടിച്ചു.
മൂന്നാം പ്രതി ഷാരോൺ ഷാജി നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. പ്രതികൾ കഞ്ചാവ് പോലെയുള്ള ലഹരിവസ്‌തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവരും മോഷണം, അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഒന്നാം പ്രതിക്കായി തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് പറഞ്ഞു. എസ്ഐ അനൂപിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്‌സിപിഒ മാരായ പ്രകാശ്, ജോബിൻ ജോൺ, സിപിഒ ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.