ഇടുക്കി: ഇടുക്കി പോതമേട്ടിൽ നായാട്ടിനിടെ ആദിവാസി യുവാവിനെ വെടിവച്ച് കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന് യുവാവിന്‍റെ കുടുംബം. വെടിയേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. കേസിൽ ബൈസൺവാലി ഇരുപതേക്കർ സ്വദേശികളായ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഏലക്ക കച്ചവടത്തിൽ നഷ്‌ടം വന്നതിനെ തുടർന്ന് സാംജി കടക്കെണിയിൽ ആയിരുന്നു. ഇത് വീട്ടാൻ തന്‍റെ കുടുംബത്തിന്‍റെ പേരിലുള്ള സ്ഥലം വിറ്റ് പണം നൽകാമെന്ന് മഹേന്ദ്രൻ പറഞ്ഞിരുന്നതായും പണത്തിനായാണ് മഹേന്ദ്രനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. അറസ്റ്റിലായ മൂവരും കൊല്ലപ്പെട്ട മഹേന്ദ്രന്‍റെ സുഹൃത്തുക്കളാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ജൂണ്‍ 27നാണ് ബൈസൺവാലി ഇരുപതേക്കർ സ്വദേശിയായ മഹേന്ദ്രൻ കൊല്ലപ്പെട്ടത്. പ്രതികൾക്കൊപ്പം മൂന്നാർ പോതമേട്ടിൽ വേട്ടയ്‌ക്ക് എത്തിയതായിരുന്നു ഇയാൾ. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം.
കുടുംബാംഗങ്ങൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ കരുതികൂട്ടിയുള്ള കൊലപാതകമെന്ന സംശയത്തിലാണ് പൊലീസും. റിമാൻഡിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഉടൻ അപേക്ഷ നൽകും.