എറണാകുളം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ എസ്എച്ച്ഒ പി ആർ സുനുവിനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്യുന്നു. ഞായറാഴ്‌ച (നവംബർ 13) കസ്റ്റഡിയിലെടുത്ത സുനുവിനെ പൊലീസ് പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായാണ് വിവരം. തുടർന്ന് വീണ്ടും വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ആരോപണ വിധേയനായ പൊലീസുകാരൻ തങ്ങളുടെ നിരീക്ഷണത്തിലാണെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചത്. ബലാത്സംഗ കേസിൽ പ്രതിയായ പൊലീസുകാരന്‍റെ അറസ്റ്റിന് ഇപ്പോൾ ലഭിച്ചിട്ടുള്ള തെളിവുകൾ അപര്യാപ്‌തമാണന്നും കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നുമാണ് പൊലീസ് നിലപാട്. പൊലീസ് സേനയ്ക്ക് ആകെ മാനക്കേടുണ്ടാക്കിയ ഈ കേസിൽ ആരോപണ വിധേയനയായ പൊലീസുകാരനെ രക്ഷിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍റെ പശ്ചാത്തലം ശരിയല്ലാത്തതിനാൽ, രക്ഷപെടാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് തന്നെ സമ്മതിക്കുകയും ചെയ്യുന്നു. തൃക്കാക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കോസ്റ്റൽ സർക്കിൾ ഇൻസ്പെക്‌ടർ പി ആർ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്.
കഴിഞ്ഞ മെയ് മാസത്തിൽ ഇൻസ്പെക്‌ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തുവെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയിൽ കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോട് എത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ സുനുവിനെ കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ ഭർത്താവ് തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയില്‍ എത്തിച്ചുമാണ് ബലാത്സംഗം ചെയ്‌തതെന്നും പരാതിയിലുണ്ട്.
കേസിൽ യുവതിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്തും ഉൾപ്പെടെയുള്ളവർക്കെതിരെയും പരാതിയിൽ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇവരെയെല്ലാം പ്രതി ചേർത്താണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.