കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും മാറാട് സ്പെഷൽ കോടതിയിലേക്ക് മാറ്റി. കോഴിക്കോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷ 2021 മാര്‍ച്ചില്‍ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു.
പൊന്നാമറ്റത്തിൽ ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ കൊലപാതക കേസുകളിലാണ് പ്രതി ജോളി വെവ്വേറെ ജാമ്യാപേക്ഷ നൽകിയത്. വിചാരണ നീണ്ടുപോവുകയാണെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജോളിയുടെ അപേക്ഷ. എന്നാൽ അന്നാമ്മ തോമസിനെ വധിച്ച കേസിൽ ഹൈക്കോടതി നേരത്തെ നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു.
കേസില്‍ നിലവില്‍ നാല് പ്രതികളാണുള്ളത്. സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് നടത്തിയ ആസൂത്രിത കൊലപാതകങ്ങളാണ് കൂടത്തായി കൊലപാതക പരമ്പര. 14 വർഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് കൊല്ലപ്പെട്ടത്.
വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നാമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നാമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്‍റെ സഹോദരന്‍റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് 2019 ഒക്‌ടോബര്‍ അഞ്ചിനാണ് ജോളി അറസ്റ്റിലായത്.
also read: തളിക്കുളം ബാറിലെ കൊലപാതകം: ജീവനക്കാർ ബാറുടമക്കെതിരെ നല്‍കിയ ക്വട്ടേഷന്‍, ഏഴംഗ സംഘം അറസ്റ്റില്‍