മലപ്പുറം: അരീക്കോട് മുന്‍ തഹസിൽദാരെ മണൽ ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പതിനഞ്ച് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കോഴിക്കോട് പെരിങ്ങളം സ്വദേശി പുള്ളത്ത് കണ്ടി നൗഫലാണ് (45) പിടിയിലായത്. വെള്ളിയാഴ്‌ച ബാലുശ്ശേരിയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
2007ലാണ് കേസിനാസ്‌പദമായ സംഭവം. അനധികൃത മണല്‍ കടത്തിനിടെ പത്തനാപുരം പള്ളിപ്പടിയിൽ വെച്ച് ലോറി പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് തഹസില്‍ദാരെയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയും നിലവിലെ അഡ്രസ് മാറ്റി വിവിധയിടങ്ങളില്‍ മാറി താമസിക്കുകയുമായിരുന്നു.
അതേസമയം കേസിലെ ഒന്നാം പ്രതിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നൗഫലിനെ കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കൊണ്ടോട്ടി ഡിവൈഎസ്.പി അഷ്റഫിന്‍റെ നേതൃത്വത്തിൽ അരീക്കോട് എസ്.എച്ച്.ഒ എം.അബ്ബാസ് അലിയും സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
also read: പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍