ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിലെ വനമേഖലയിൽ സ്യൂട്ട്‌കേസില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങള്‍ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട 27 കാരി ശ്രദ്ധ വാക്കറുടെതെന്ന സംശയത്തില്‍ പൊലീസ്. വ്യാഴാഴ്‌ച ഉച്ചയോടെയാണ് സൂരജ്‌കുണ്ഡ് വനമേഖലയില്‍ നിന്ന് ശരീരഭാഗങ്ങളടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഫരീദാബാദ് പൊലീസ് ഡല്‍ഹി പൊലീസിനെ വിവരം അറിയിച്ചു.
പ്ലാസ്‌റ്റിക് ബാഗിലും ചാക്കിലും പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹ അവശിഷ്‌ടങ്ങൾ. ബെല്‍റ്റും വസ്‌ത്രങ്ങളും സ്യൂട്ട്‌കേസിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ കഷണങ്ങളാക്കി മുറിച്ച് വനത്തില്‍ ഉപേക്ഷിച്ചതായിരിക്കാമെന്ന് ഫരീദാബാദ് പൊലീസ് പറഞ്ഞു.
ഫരീദാബാദ് പൊലീസില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശ്രദ്ധ കൊലക്കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സ്യൂട്ട്കേസില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ക്ക് മാസങ്ങള്‍ പഴക്കമുണ്ടെന്നും ശ്രദ്ധ വാക്കര്‍ കൊലപാതകവുമായി ബന്ധമുണ്ടായിരിക്കാമെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. അതേസമയം കണ്ടെത്തിയ ശരീരഭാഗങ്ങള്‍ പുരുഷന്‍റേതാണോ സ്‌ത്രീയുടെയാണോയെവന്നും വ്യക്തമല്ല.
പോസ്റ്റ്‌മോർട്ടത്തില്‍ വ്യക്തത വരുമെന്ന് പൊലീസ്: മൃതദേഹാവശിഷ്‌ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാകുമെന്നും പൊലീസ് പറഞ്ഞു. മെയ് 18നാണ് മുംബൈ സ്വദേശിനിയായ ശ്രദ്ധ വാക്കറെ ഡല്‍ഹിയില്‍ വച്ച് ഒപ്പം താമസിച്ചിരുന്ന അഫ്‌താബ് അമിന്‍ പൂനാവാല കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം 35 കഷണങ്ങളാക്കി ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.
കഷണങ്ങളാക്കി മുറിച്ച ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുന്നതിന് മുമ്പ് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും കുടുംബത്തിന്‍റെ എതിര്‍പ്പ് കാരണം ഡല്‍ഹിയിലെത്തി ഒരുമിച്ച് താമസിക്കുകയുമായിരുന്നു. അതിനിടെയാണ് വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതിയായ അഫ്‌താബിനെതിരെ നവംബര്‍ 10ന് പൊലീസ് കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരങ്ങള്‍ നല്‍കിയതോടെ ഇയാളെ നുണ പരിശോധനനയ്ക്ക് വിധേയനാക്കാനായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്.