ദിസ്പൂര്‍: വരണമാല്യം ചാര്‍ത്താനായി നീട്ടിയ കൈകളില്‍ വിലങ്ങണിയിച്ച് ഭാവിവധു. പ്രതിശ്രുത വരൻ തട്ടിപ്പുകാരനും വധു പൊലീസുമായാല്‍ അങ്ങനെയും സംഭവിക്കുമെന്നാണ് അസമില്‍ നിന്നുള്ള വാര്‍ത്ത. പ്രതി റാണാ പഗാഗും അറസ്റ്റ് രേഖപ്പെടുത്തി വാര്‍ത്തകളിലിടം നേടിയ സബ് ഇൻസ്പെക്ടര്‍ ജോൻമണി റാവയും സമൂഹമാധ്യമങ്ങളിലും ഏറെ ചര്‍ച്ചയാണിപ്പോള്‍.
വ്യാജ രേഖകളും സ്റ്റാമ്പുകളും ഉപയോഗിച്ച് നിരവധി പേരില്‍ നിന്നും പണം തട്ടിയ അസം സ്വദേശിയായ റാണാ പഗാഗിന് സബ് ഇൻസ്പെക്ടര്‍ ജോൻമണിയെ കണ്ടപ്പോള്‍ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നിയെടുത്താണ് സിനിമയെ വെല്ലുന്ന സംഭവകഥ ആരംഭിക്കുന്നത്. താൻ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്‍റെ (ONGC) ഉന്നത ഉദ്യോഗസ്ഥനാണെന്ന് വാദിച്ചാണ് റാണാപരാഗ് ജോൻമണിയെ സമീപിക്കുന്നത്. സുമുഖൻ, സുന്ദരൻ, ഉന്നത വിദ്യാഭ്യാസം, മാന്യമായ ജോലി! ഒരു സബ് ഇൻസ്പെക്ടര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം. കൂടുതലൊന്നും ആലോചിക്കാതെ വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിച്ചു. തിയതിയും നിശ്ചയിച്ചു. 2022 നവംബറില്‍.
പക്ഷേ, ഇതുവരെ കണ്ട പൊലീസല്ല, നാഗോൺ സദർ പൊലീസ് സ്റ്റേഷനിലെ ജോൻമണിയെന്ന് മനസിലാക്കാൻ പഗാഗ് വൈകി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജോൻമണി പഗാഗിനെ കുറിച്ച് ഒന്നുകൂടി അന്വേഷിക്കാൻ തീരുമാനിച്ചു. ആദ്യ കണ്ടെത്തല്‍ തന്നെ ഞെട്ടിച്ചു. ഒഎൻജിസിയില്‍ ഇങ്ങനെയൊരാള്‍ ഇല്ല! മാത്രവുമല്ല, സ്ഥാപനത്തിലെ പലരെയും പഗാഗ് പണം നല്‍കാതെ വഞ്ചിച്ചുണ്ടെന്നും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും ഒളിവിലാണെന്നും ജോൻമണി വളരെ വേഗം അന്വേഷിച്ച് കണ്ടെത്തി.
പിന്നെ ഈ തട്ടിപ്പുകാരനെ എങ്ങനെയും വലയിലാക്കണമെന്നായി ജോൻമണി. ഇതാനായി 'പ്രതിശ്രുത വരനെ' 'ഓഫീസ് കാണിക്കാനും സഹപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്താനുമായി' വിളിച്ചു വരുത്തി. ജോൻമണിയുടെ 'മധുര ഭാഷണത്തില്‍' വീണുപോയ പഗാഗ് സുന്ദരനായി പ്രതിശ്രുത വധുവിന്‍റെ സഹപ്രവര്‍ത്തകരെ കാണാനായി എത്തി. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ചോദ്യം ചെയ്യലും അറസ്റ്റ് ചെയ്യലുമെല്ലാം.
അങ്ങനെ വരണമാല്യം ചാര്‍ത്തനായി ഒരുങ്ങി നടന്ന പഗാഗിന്‍റെ കൈകളില്‍ ജോൻമണി തന്നെ വിലങ്ങും വച്ചു.