ഹിസാര്‍(ഹരിയാന): ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവും ടിവി താരവുമായ സൊനാലി ഫൊഗട്ടിന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഗോവയില്‍ വച്ചാണ് 42 വയസുള്ള സൊനാലി ഫൊഗട്ട് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തുന്നത്.
ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ സൊനാലി മരണപ്പെട്ടിരുന്നു. മരണപ്പെടുന്നതിന് തലേദിവസം ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥതയുണ്ടെന്ന് തന്‍റെ അമ്മയോട് പറഞ്ഞിരുന്നുവെന്ന് സൊനാലിയുടെ സഹോദരി രൂപേഷ് പറഞ്ഞു.
"മരണപ്പെടുന്നതിന് തലേ ദിവസം സൊനാലി എന്നെ വിളിച്ചിരുന്നു. ചില ദുരൂഹതകള്‍ നടക്കുന്നുണ്ടെന്നും വാട്‌സ്‌ആപ്പില്‍ വിളിക്കാമെന്നും സൊനാലി പറഞ്ഞു. അതിന് ശേഷം അവള്‍ ഞങ്ങളുടെ അമ്മയെ വിളിച്ചു. ഭക്ഷണം കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെന്നും പല ശാരീരിക പ്രവര്‍ത്തനങ്ങളും ശരിയാംവിധം നടക്കുന്നില്ലെന്നുമാണ് സൊനാലി അമ്മയോട് പറഞ്ഞത്", രൂപേഷ് വ്യക്തമാക്കി
തന്‍റെ സഹോദരി ശാരീരികമായി ആരോഗ്യവതിയാണെന്നും ഹൃദയാഘാതമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് സൊനാലിയുടെ മൂത്ത സഹോദരനായ രമന്‍ പറഞ്ഞു. സൊനാലിയുടെ മരണത്തില്‍ ശരിയായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സൊനാലി തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നു. സൊനാലിയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് ഗോവ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ അഡംപൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായാണ് സൊനാലി മല്‍സരിച്ചത്. 2020ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. 15 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് സൊനാലി.