പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ വനിതയടക്കം ആറ് പേര്‍ അറസ്റ്റില്‍. കാക്കനാട് സ്വദേശി ദേവു (24), ദേവുവിന്‍റെ ഭര്‍ത്താവ് ഗോകുൽ ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്‌ണു (20) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ വ്യവസായിയുമായി അടുത്ത യുവതി പാലക്കാട് യാക്കരയിലേക്ക് വിളിച്ച് വരുത്തി പണം, മൊബൈല്‍ ഫോണ്‍, നാല് പവന്‍ ആഭരണം എന്നിവ കൈക്കലാക്കുകയായിരുന്നു. കോട്ടയം സ്വദേശി ശരത്താണ് ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ വ്യവസായിയെ സ്‌ത്രീയെന്ന വ്യാജേന പരിചയപ്പെട്ടത്. ഇയാള്‍ വരുതിയിലായെന്ന് മനസിലാക്കിയ സംഘം തുടര്‍ന്ന് ദേവുവിനെ കൊണ്ട് ഇയാള്‍ക്ക് ശബ്‌ദ സന്ദേശം അയപ്പിച്ചു.
ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ രോഗിയായ അമ്മ മാത്രമാണെന്നുമാണ് യുവതി ഇയാളോട് പറഞ്ഞത്. വ്യവസായിയുമായി കൂടുതല്‍ അടുപ്പത്തിലായതിന് ശേഷം നേരില്‍ കാണാന്‍ താല്‍പര്യമുണ്ടെന്ന് യുവതി ഇയാളോട് പറഞ്ഞു. തുടര്‍ന്ന് യാക്കരയില്‍ വീട് വാടകക്കെടുത്ത് ഇയാളെ വിളിച്ച് വരുത്തുകയായിരുന്നു.
ഞായറാഴ്‌ച(28.08.2022) യാക്കരയിലെ വീട്ടിലെത്തിയ വ്യവസായിയെ സംഘം സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് കവര്‍ച്ച നടത്തുകയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കൊടുങ്ങല്ലൂരിലെ സംഘത്തിന്‍റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി കൂടുതല്‍ പണം തട്ടാനായിരുന്നു ശ്രമം. ഇതിനിടയില്‍ വ്യവസായി കാറില്‍ നിന്ന് ഓടി രക്ഷപ്പെടുകയും സൗത്ത് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ 61,000 ഫോളോവേഴ്‌സാണ് ദേവു, ഗോകുൽദീപ് ദമ്പതികള്‍ക്കുള്ളത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം. കണ്ണൂര്‍ സ്വദേശിയായ യുവതി പിന്നീട് ഭര്‍ത്താവിനൊപ്പം എറണാകുളത്തേക്ക് താമസം മാറുകയായിരുന്നു. ഇരുവരുടെയും ആര്‍ഭാട ജീവിതത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാവുകയും തുടര്‍ന്ന് തട്ടിപ്പ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
തട്ടിപ്പിന്‍റെ രീതി ഇങ്ങനെ: ഇന്‍സ്റ്റഗ്രാമിലൂടെ ആളുകള്‍ക്ക് 'ഹായ്' എന്നൊരു സന്ദേശമയക്കും. അതിന് പ്രതികരിക്കുന്നവരില്‍ സാമ്പത്തിക ശേഷിയുള്ളവരാണെന്ന് തോന്നി കഴിഞ്ഞാല്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ച് തുടങ്ങും. തുടര്‍ന്ന് അവരെ വരുതിയിലാക്കുകയും നേരില്‍ കാണാമെന്ന് പറഞ്ഞ് ആള്‍തിരക്കില്ലാത്ത മേഖലകളില്‍ വീട്, ലോഡ്‌ജ് എന്നിവ വാടകക്കെടുത്ത് അവിടേക്ക് വിളിച്ച് വരുത്തും. തുടര്‍ന്ന് സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും തട്ടിപ്പിനിരയാക്കുകയും ചെയ്യും. ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍ മാനഹാനി ഭയന്ന് പുറത്ത് പറയാറില്ല.
എസ്‌ഐമാരായ വി.ഹേമലത, എം.അജാസുദ്ദീൻ, എസ്.ജലീൽ, സീനിയർ സിപിഒമാരായ എം.സുനിൽ, ആർ.വിനീഷ്, എസ്.ഷനോസ്, കെ.രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് കാലടിയിലെ ലോഡ്‌ജില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘം കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
also read: ഹണി ട്രാപ്പിലൂടെ ജ്വല്ലറി ഉടമയില്‍ നിന്ന് തട്ടിയത് 50 ലക്ഷം, യുവതി അറസ്റ്റില്‍