തിരുവനന്തപുരം : എഞ്ചിനീയറിങ് വിദ്യാർഥി ശ്യാമൾ മണ്ഡൽ കൊലക്കേസിൽ രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തവും പത്ത് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് സിബിഐ പ്രത്യേക കോടതി. പിഴത്തുകയിൽ നിന്നും നാല് ലക്ഷം രൂപ കൊല്ലപ്പെട്ട ശ്യാമൾ മണ്ഡലിന്‍റെ പിതാവ് വാസുദേവ് മണ്ഡലിന് നൽകാനും കോടതി നിർദേശിച്ചു.
കൊലപാതകത്തിന് വേണ്ടിയുള്ള ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്നിവയ്‌ക്ക് ജീവപര്യന്തവും അഞ്ചു ലക്ഷം രൂപ വീതം പിഴയും, മോഷണ കുറ്റത്തിന് ജീവപര്യന്തം കഠിന തടവും പതിനായിരം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. കഴിഞ്ഞ ദിവസം പ്രതിയെ കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതി ഒളിവിൽ : നേപ്പാൾ സ്വദേശി ദുർഗ ബഹദുർ ഭട്ട് ചേത്രി എന്ന ഭീപക്, ശ്യാമൾ മണ്ഡലിൻ്റെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി മുഹമ്മദ് അലിയാണ് വിചാരണ നേരിടുന്ന പ്രതി. ഒന്നാം പ്രതി ഒളിവിലാണ്.
READ MORE: ശ്യാമൾ മണ്ഡൽ വധം : രണ്ടാം പ്രതി കുറ്റക്കാരനെന്ന് 17 വര്‍ഷത്തിനുശേഷം കോടതി, ശിക്ഷ നാളെ
2005 ഒക്ടോബർ 23ന് ശ്യാമൾ മണ്ഡലിൻ്റെ മൃതദേഹം കഴുത്തറുത്ത് ചാക്കിൽ കെട്ടി തിരുവല്ലം ബൈപ്പാസിന് സമീപം വെള്ളാറിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാമൾ മണ്ഡലിന്‍റെ അച്ഛൻ ബസുദേവ് മണ്ഡലിനെ കോടതിൽ സാക്ഷിയായി വിസ്‌തരിച്ചിരുന്നു. മകനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടതായി ബസുദേവ് കോടതിയിൽ മൊഴി നൽകി.
ഇന്നും ഞെട്ടലോടെ കുടുംബം : 17 വർഷം മുമ്പ് നടന്ന കാര്യങ്ങൾ ഇന്നും ഭയത്തോടെയാണ് താനും കുടുംബവും ഓര്‍ക്കുന്നതെന്നായിരുന്നു കോടതിൽ ബസുദേവ് പറഞ്ഞത്. 2005 ഒക്ടോബർ 15ന് മെഡിക്കൽ കോളജ് പൊലീസ് കേസ് അന്വേഷിച്ചു. ശ്യാമളിൻ്റെ സുഹൃത്തുകളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം തൃപ്‌തികരമല്ലെന്ന് കാട്ടി പിതാവിൻ്റെ പരാതിയെ തുടർന്ന് 2006ൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.
എന്നാൽ അന്വേഷണം അട്ടിമറിക്കും എന്ന് കാട്ടി ശ്യാമളിൻ്റ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 2008 ഡിസംബർ 10ന് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തു.