പാലക്കാട് : കാറിന്‍റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ 173 കിലോഗ്രാം ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍. പട്ടാമ്പി വല്ലാപ്പുഴ സ്വദേശികളായ എച്ച് അനസ് (24), യു മുഹമ്മദ് ഉനൈസ് (20) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. വാളയാര്‍ ടോള്‍ പ്ലാസയ്‌ക്ക് സമീപം വാഹനപരിശോധനയ്‌ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചുപോയ കാറിനെ കിലോമീറ്ററോളം പിന്തുടര്‍ന്ന് കഞ്ചിക്കോട് ആലാമരത്ത് വച്ചാണ് പിടിച്ചത്.
കാര്‍ ഉപേക്ഷിച്ച് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് എക്‌സെസ് സംഘം പിടികൂടിയത്. തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയില്‍ പിന്‍വശത്തെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ചന്ദനമുട്ടികള്‍ കണ്ടെത്തി. ആറടി നീളവും മൂന്നടി വീതിയുമുള്ള രഹസ്യ അറയാണ് കാറിലുണ്ടായിരുന്നത്.
അസിസ്റ്റന്‍ഡ് എക്‌സൈസ് കമ്മീഷണര്‍ കെ രാകേഷിന്‍റെ നേതൃത്വത്തിലുള്ള പാലക്കാട് സ്‌പെഷ്യല്‍ സ്ക്വാഡും ചെര്‍പ്പുളശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിപണിയില്‍ അരക്കോടിയോളം രൂപ വിലമതിക്കുന്ന ചന്ദനം പിടികൂടിയത്. പ്രതികളെയും പിടിച്ചെടുത്ത ചന്ദനവും തുടര്‍നടപടികള്‍ക്കായി വനം വകുപ്പിന് കൈമാറി. സേലത്ത് വനത്തില്‍ നിന്നും വെട്ടിയെടുത്ത ചന്ദനമുട്ടികള്‍ പട്ടാമ്പിയിലേക്ക് കച്ചവടത്തിനായി എത്തിച്ചതാണെന്നുമാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ലഹരി വസ്‌തുക്കളാണ് കടത്തിയതെന്ന സംശയത്തെ തുടര്‍ന്നാണ് കാര്‍ പിന്തുടര്‍ന്ന് പിടിച്ചതെന്ന് എക്‌സൈസ് കമ്മീഷണര്‍ കെ രാകേഷ് വ്യക്തമാക്കി.