പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിച്ച പത്തൊൻപതുകാരൻ പിടിയിൽ. കല്ലിങ്ങൽ മുസ്‌തഫയാണ് അറസ്റ്റിലായത്. സംഘത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ കൂടിയുണ്ടെന്ന് പൊലീസ് അറിയിച്ചു. അഞ്ചു മാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരത്ത് കോഴിക്കട നടത്തുന്നയാളെ പുലർച്ചെ മുളക് പൊടിയെറിഞ്ഞ് 80,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. മുസ്‌തഫ മുമ്പ് ഈ കോഴിക്കടയിൽ ജോലിക്ക് നിന്നിരുന്നു. കടയുടമയെ വീട്ടിൽ നിന്നു തന്നെ പിന്തുടർന്ന് പ്രതികൾ കടക്കു സമീപം വെട്ട് മുളകുപൊടിയെറിഞ്ഞ് പണമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് സി.ഐ പി.എം ലിബി പറഞ്ഞു. ഇതിനിടെ ഒരു വാഹനം അതുവഴി വന്നതിനാലാണ് കടയുടമ രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു.