കോഴിക്കോട്: പൂക്കാട് മുഹ്-യിദ്ധീൻ ജമാഅത്ത് പള്ളി സെക്രട്ടറിയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത അന്വേഷിച്ച് ഇടിവി ഭാരത്. ഹംസയുടെ മരണത്തിന് കാരണമായ മാനസിക പിരിമുറുക്കം സൃഷ്ടിച്ച് കൊല്ലാക്കൊല ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം ആദ്യമായി വെളിപ്പെടുത്തി ബന്ധുക്കളും നാട്ടുകാരും. കോഴിക്കോട് പൂക്കാട് സ്വദേശിയായ കുനിയിൽ ഹംസ (56) ഒക്ടോബർ 8 നാണ് ജീവനൊടുക്കുന്നത്. രാവിലെ ആറരയ്ക്ക് പൊയിൽക്കാവ് ഗെയ്റ്റിന് സമീപം ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.
ഹംസ എന്തുകൊണ്ട് പള്ളിയില്‍ പോയില്ല: എന്നും അതിരാവിലെ എഴുന്നേറ്റ് പള്ളിയിൽ പോകുന്ന അഞ്ച് നേരം നമസ്കരിക്കുന്ന ഹംസ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹംസ അസ്വസ്തനായിരുന്നു. മരിക്കുന്ന അന്ന് രാവിലെയാണ് എത്രയോ കാലത്തിനിപ്പുറം അദ്ദേഹം പള്ളിയിൽ പോകാതിരുന്നത്.
എഴുന്നേൽക്കാൻ വൈകിപ്പോയെന്ന് പറഞ്ഞ് വീട്ടിൽ തന്നെ നമസ്കരിച്ചു. പിന്നീട് നേരെ പോയത് റെയിൽ പാളത്തിലേക്ക്. രാവിലെ ആറരയ്ക്ക് പൊയിൽക്കാവ് ഗെയ്റ്റിന് സമീപം ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.
ആത്മഹത്യയിലേക്ക് നയിച്ചതെന്താണ്: പൂക്കാട് മുഹ്-യിദ്ധീൻ ജമാഅത്ത് പള്ളിയിലെ പതിമൂന്നംഗ പളളിക്കമ്മറ്റിയുടെ വിശ്വസ്തനായിരുന്നു ഹംസ. പള്ളിയുടെ പ്രവർത്തനങ്ങളിൽ സജീവമായ വ്യക്തി. പള്ളിപ്പറമ്പിന് തൊട്ടടുത്ത് തന്നെ വാടക സാധനങ്ങൾ നൽകുന്ന ഫ്രണ്ട്‌സ് ഹയർ ഗുഡ്സ് നടത്തിവരികയായിരുന്നു. വിശേഷ അവസരങ്ങൾക്ക് കണക്ക് പറയാതെ വാടക സാധനങ്ങൾ എത്തിച്ച് കൊടുത്ത ഹംസ ഒരു പരോപകാരിയായിരുന്നു.
പള്ളിയുടെ നടത്തിപ്പിൽ അതീവ ശ്രദ്ധചെലുത്തേണ്ടതുകൊണ്ട് തന്നെയാണ് തൊട്ടടുത്ത് വാടകക്കട തുടങ്ങിയതും. ഹംസക്ക് രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമാണ്. മകളുടെ വിഹാഹവും വീടുപണിയുമെല്ലാം ഒരുമിച്ച് വന്നപ്പോൾ സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നു. എന്നാൽ എല്ലാം കൃത്യമായി 'റോൾ' ചെയ്യാൻ മിടുക്കനായിരുന്ന ഹംസയെ സാമ്പത്തിക ബുദ്ധിമുട്ട് അലട്ടിയിരുന്നില്ല. കടം വാങ്ങിച്ചാൽ പറഞ്ഞ സമയത്തിന് മുമ്പ് തിരിച്ചേൽപ്പിക്കുന്ന കൃത്യനിഷ്ഠക്കാരനായിരുന്നു ഹംസയെന്നും നാട്ടുകാർ ഒന്നടങ്കം പറയുന്നു.
നാടിന് വേണ്ടപ്പെട്ടയാൾ: എ.പി സുന്നി വിഭാഗക്കാരനായിരുന്നു ഹംസ. രണ്ട് ആൺമക്കളേയും പഠിപ്പിച്ചതും മർക്കസ് സ്കൂളിലാണ്. മൂത്ത മകൻ ഉസ്താദായി പ്രവർത്തിക്കുന്നു. രണ്ടാമത്തെ മകൻ ആറാംതരത്തിലാണ്. മതവിശ്വാസങ്ങളിൽ അടിയുറച്ച് നിന്ന ഹംസ ജാതി, മത, രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുമായി ഊഷ്മളമായ ബന്ധം പുലർത്തിയ വ്യക്തികൂടിയായിരുന്നു. എന്നാൽ എല്ലാം പെട്ടെന്നായിരുന്നു തകിടം മറിഞ്ഞത്.
പിന്നില്‍ രാഷ്ട്രീയക്കളിയോ: പള്ളിക്കമ്മിറ്റിയുടെ തലപ്പത്ത് നിന്നും ഹംസയെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ നടത്തിയ നീക്കമാണ് ആത്മഹത്യയിൽ എത്തിച്ചതെന്ന് മകനും അടുത്ത ബന്ധുവും പറയുന്നു. ചില രാഷ്ട്രീയ മുതലെടുപ്പുകാരാണ് ഇതിന് പിന്നിലെന്നും ഇവർ ഉറച്ച് പറയുന്നു. പള്ളി കമ്മിറ്റിയിൽ അവതരിപ്പിക്കാതെ, ഹംസയെ വ്യക്തിപരമായി മാനസിക പ്രയാസത്തിൽ എത്തിച്ചു.
മാനസിക രോഗിയായി മുദ്രകുത്തി. പള്ളിക്കമ്മിറ്റിയുടെ ഭരണം പിടിച്ചെടുക്കാൻ കള്ളക്കണക്കുകൾ ഉയർത്തിയായിരുന്നു ഭീഷണി. എന്നാൽ ഒരു രൂപയുടെ ക്രമക്കേടു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പള്ളിക്കമ്മിറ്റിയുടെ ജോയിന്‍റ് സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നു.
പ്രശ്നക്കാരനായി മുദ്രകുത്തിയതോടെയാണ് മാനസിക പ്രയാസം ഉണ്ടായത്. പളളിക്കമ്മിറ്റി തകരും എന്ന അവസ്ഥയാണ് ഹംസയെ തളർത്തിയത്. ഇതിന് മുമ്പും ഇതുപോലുള്ള അവസ്ഥ ഉണ്ടായിരുന്നു. അന്നും മാനസിക പ്രയാസമുണ്ടായിരുന്നു. നാട്ടിൽ ഒരു പ്രശ്നമുണ്ടാവാതിരിക്കാൻ എല്ലാം ഒറ്റക്ക് സഹിച്ച ഹംസ ഒടുവിൽ നാടിനേയും വീടിനേയും ശൂന്യമാക്കി ജീവിതം അവസാനിപ്പിച്ചു.
ഹംസയുടെ മരണത്തിന് കാരണമായ മാനസിക പിരിമുറുക്കം സൃഷ്ടിച്ച് കൊല്ലാക്കൊല ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.