കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് 10 കിലോ മാമ്പഴം മോഷ്‌ടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബാണ് മാമ്പഴം മോഷ്‌ടിച്ചത്. കടയ്ക്ക് മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.
ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ശിഹാബിന് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു സംഭവദിവസം ഡ്യൂട്ടി. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു മോഷണം. കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്‌ടിച്ചത്.
വഴിയരികിലുള്ള കടയുടെ മുൻവശത്ത് കൊട്ടയില്‍ അടുക്കിവച്ചിരുന്ന മാമ്പഴം കണ്ട ഷിഹാബ് വണ്ടി നിർത്തി മാമ്പഴം മോഷ്‌ടിച്ച് സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കുന്നതാണ് ദൃശ്യം. രാവിലെ കച്ചവടത്തിനെത്തിയപ്പോൾ കവര്‍ച്ച നടന്നുവെന്ന് മനസിലായ കടയുടമ നാസർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.