പത്തനംതിട്ട : വഞ്ചന കേസിൽ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അതില്‍ നിന്നുള്ള നമ്പറും ചിത്രങ്ങളും എടുത്ത് യുവതിയെ ഭീഷണിപ്പെടുത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിലെ അഭിലാഷെന്ന ഉദ്യോഗസ്ഥനെയാണ് ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ സസ്‌പെന്‍ഡ് ചെയ്‌തത്. ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം വഞ്ചന കേസിൽ കൊല്ലം സ്വദേശിയായ യുവാവിനെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണും കസ്റ്റഡിയിൽ എടുത്തു. ഈ ഫോൺ അഭിലാഷ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു.
കസ്റ്റഡിയിലുള്ള യുവാവിന്‍റെ വിദേശത്തുള്ള സ്ത്രീ സുഹൃത്ത് അയച്ച സന്ദേശങ്ങളും ചിത്രങ്ങളും പൊലീസുകാരൻ തന്‍റെ മൊബൈൽ ഫോണിലേക്ക് മാറ്റി. പിന്നീട് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് യുവതിയെ വിളിച്ച് അസഭ്യം പറയുകയും ചിത്രങ്ങള്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. യുവതി വഞ്ചന കേസിൽ പിടിയിലായ സുഹൃത്തിനെ വിളിച്ച് വിവരങ്ങൾ അറിയിക്കുകയും മേലുദ്യോഗസ്ഥര്‍ക്ക് പരാതി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഭിലാഷിനെ കുറ്റക്കാരനെന്ന് കണ്ടെത്തി സസ്പെന്‍ഡ് ചെയ്‌തത്. പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി ഫോൺ പിടിച്ചെടുക്കുകയും ചെയ്‌തു.