ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനേശ്വർ (Yadadri Bhubaneswar) ജില്ലയില്‍ ചികിത്സ വൈകിയതിനെ തുടർന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് അരമണിക്കൂര്‍ വാഹനം വഴിയില്‍ തടഞ്ഞതാണ് ചികിത്സ വൈകാന്‍ ഇടയാക്കിയത്. സരസ്വതി - രേവന്ത് ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്.
'കാര്യമറിയിച്ചെങ്കിലും പൊലീസ് പരിഗണന തന്നില്ല': യാദഗിരിഗുട്ട മണ്ഡലത്തിലെ വംഗപ്പള്ളി പ്രാന്തപ്രദേശത്ത് ചൊവ്വാഴ്‌ചയാണ് സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഞ്ഞിനെ ചൊവ്വാഴ്‌ച ജങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെയുള്ള ഡോക്‌ടർമാർ നിര്‍ദേശിച്ച പ്രകാരം അന്നുതന്നെ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയുണ്ടായി. യാത്രക്കിടെ യാദഗിരിഗുട്ടയില്‍ വച്ച് പൊലീസ് തടയുകയും കാറിന് 1,000 രൂപ ചലാൻ അടയ്‌ക്കാന്‍ ഉണ്ടെന്നും പറഞ്ഞു.
എന്നാല്‍, കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് കുട്ടിയുടെ കുടുംബം പൊലീസിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇളവ് നല്‍കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് ചലാൻ അടച്ചിട്ടാണ് തങ്ങളെ വിട്ടതെന്നും പണമടയ്ക്കാൻ അരമണിക്കൂറെടുത്തുവെന്നും ഡ്രൈവർ പറഞ്ഞു.
പ്രതികരിച്ച് ട്രാഫിക് സി.ഐ: ഹൈദരബാദിലെ തർണാകയിൽ (Tarnaka) എത്തിയപ്പോൾ കുട്ടിയ്‌ക്ക് അനക്കമില്ലായിരുന്നു. കുട്ടി അരമണിക്കൂർ മുന്‍പ് മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിയിരുന്നെങ്കിൽ തങ്ങളുടെ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്ന് കുഞ്ഞിന്‍റെ അമ്മ നിറഞ്ഞ കണ്ണോടെ പറയുന്നു.
അടിയന്തര സന്ദർഭങ്ങളിൽ പോകുന്ന വാഹനങ്ങൾ തങ്ങൾ ഒരിക്കലും നിർത്താറില്ലെന്നും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിക്കാറാണ് പതിവെന്നും യാദഗിരിഗുട്ട ട്രാഫിക് സി.ഐ സൈദയ്യ പറഞ്ഞു.