തിരുവനന്തപുരം: പാറ്റൂര്‍ ഗുണ്ട ആക്രമണക്കേസിലെ പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ്, അബിൻഷ, വിവേക്, ശരത് കുമാർ എന്നിവര്‍ക്കെതിരെയുള്ള ലുക്കൗട്ട് നോട്ടിസാണ് അന്വേഷണ സംഘം പുറത്തുവിട്ടത്. കേസിലെ ആകെ 13 പ്രതികളില്‍ നേരത്തെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നാല് പേര്‍ കീഴടങ്ങുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ജനുവരി 9 ന് പുലര്‍ച്ചെ 3:40 ഓടെയായാണ് പാറ്റൂര്‍ പെട്രോള്‍ പമ്പിന് സമീപത്തായി ഗുണ്ട സംഘങ്ങള്‍ ഏറ്റുമുട്ടിയത്. കണ്‍സ്‌ട്രക്ഷന്‍സ് കമ്പനി ഉടമ നിതിനും സുഹൃത്തുക്കളായ ആദിത്യ, പ്രവീൺ, ടിന്‍റു, ശേഖർ എന്നിവരും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നെത്തിയ ശേഷം ഓംപ്രകാശ് ഉള്‍പ്പെട്ട സംഘം ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കാറിന്‍റെ ചില്ല് തല്ലിത്തകര്‍ത്ത സംഘം നിതിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമാണുണ്ടായത്.
നിതിനും സുഹൃത്തുക്കളും ചേര്‍ന്ന് നേരത്തെ ഓംപ്രകാശിന്‍റെ സംഘത്തിലുണ്ടായിരുന്ന ആസിഫ്, ആരിഫ് എന്നിവരുടെ വീട് ആക്രമിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് പാറ്റൂരിലെ ആക്രമണത്തിന് കാരണം. ഈ സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ഓംപ്രകാശ് ഉള്‍പ്പടെയുള്ള പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
പാറ്റൂരിലെ ഗുണ്ട ഏറ്റുമുട്ടലിന് പിന്നാലെ ഗുണ്ട മാഫിയ ബന്ധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് രണ്ട് ഡിവൈഎസ്‌പിമാരെയും 5 പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു അച്ചടക്ക നടപടി സ്വീകരിച്ചത്. പാറ്റൂരിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഡിവൈഎസ്‌പിമാരായ ജോൺസൺ, പ്രസാദ്, പിരിച്ചുവിട്ട സിഐ അഭിലാഷ് ഡേവിഡ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കായി ഓംപ്രകാശിന്‍റെ സംഘത്തിലുള്ള മുട്ടട സ്വദേശി രഞ്‌ജിത്തിന്‍റെ വീട്ടിലെത്തിയത്.
ഗുണ്ട നേതാവും കണ്‍സ്‌ട്രക്ഷന്‍സ് കമ്പനി ഉടമയുമായ നിതിനും, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മുട്ടട രഞ്ജിത്തും തമ്മിലുള്ള വസ്‌തു ഇടപാടുകള്‍ക്കും ഈ ഡിവൈഎസ്‌പിമാര്‍ ഇടപാട് നിന്നിരുന്നു. ഇരുവരും ഗുണ്ട നേതാവിന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും പിന്നീട് കണ്ടെത്തുകയായിരുന്നു.