പത്തനംതിട്ട : സൈന്യത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുന്‍ സൈനികനായ യുവാവ് പിടിയില്‍. അടൂര്‍ സ്വദേശി ദീപക് ചന്ദിനെയാണ് (29) പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജയകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്‌തത്. പത്തനാപുരം ചെളിക്കുഴി സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്‌തിരുന്ന ദീപക് രണ്ട് വര്‍ഷം മുന്‍പ് അവിടെ നിന്ന് ഒളിച്ചോടുകയായിരുന്നു. ഇതിന് ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്. വയനാട്ടില്‍ റിട്ട.ഡിഎഫ്‌ഒയുടെ മകന് സൈന്യത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഇയാൾ ലക്ഷങ്ങള്‍ കൈപ്പറ്റിയിരുന്നു.
തുടർന്ന് ഡിഎഫ്ഒയുടെ പരാതിയില്‍ പുല്‍പ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആണെന്ന് പറഞ്ഞാണ് ഡിഎഫ്‌ഒയെ ഇയാൾ കബളിപ്പിച്ചത്. പുല്‍പ്പളളി ഫോറസ്റ്റ് ഐബിയില്‍ ഇദ്ദേഹത്തിന്‍റെ ചെലവില്‍ ദീപക് താമസിയ്ക്കുകയും ചെയ്‌തിരുന്നു.
ആറന്മുള സ്വദേശി ബാബുക്കുട്ടി എന്നയാളില്‍ നിന്നും മകന്‍ ബിനോ ബാബുവിന് സൈന്യത്തില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് 2020 മേയ് 14 ന് 3.5 ലക്ഷം രൂപ കൈപ്പറ്റി എന്നും ഇയാൾക്കെതിരെ കേസുണ്ട്. പത്തനംതിട്ട, കണ്ണൂര്‍, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് ഇയാള്‍ക്കെതിരെ കൂടുതൽ കേസുകൾ ഉള്ളത്.
ഇയാളുടെ കാറിന് മുന്നിലും പിന്നിലും ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എന്ന് ചുവന്ന ബോര്‍ഡ് സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത് കണ്ട് വിശ്വസിച്ചാണ് പലരും പണം നൽകിയത്. പിന്നീടാണ് തട്ടിപ്പുകാരനാണെന്ന് തിരിച്ചറിയുന്നത്. ഇയാളെ ചൊവ്വാഴ്‌ച (17.05.2022) കോടതിയില്‍ ഹാജരാക്കും.
Also read: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; തോമസ് ഡാനിയേലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു