പാലക്കാട്: പാലക്കാട് അനസ് കൊലപാതകത്തില്‍ രണ്ട് പ്രതികളും അറസ്റ്റില്‍. മുഖ്യപ്രതി ഫിറോസിന്‍റെ സഹോദരന്‍ റഫീഖിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയ്‌തു. ഫിറോസിനെ ചോദ്യം ചെയ്‌തതില്‍ നിന്ന്, കൃത്യത്തില്‍ റഫീഖിന്‍റെ പങ്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് നീക്കം.
വിക്ടോറിയ കോളജിന് മുന്നില്‍ വച്ച് അനസിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍, ഫിറോസിനെയും സഹോദരന്‍ റഫീഖിനെയും വ്യക്തമായി കാണാം. എന്നാല്‍ റഫീഖ് ബൈക്കില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പുതന്നെ ഫിറോസ് ബാറ്റു കൊണ്ട് അനസിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് റഫീഖിനെതിരെ ആദ്യഘട്ടത്തില്‍ പൊലീസ് നടപടിയെടുക്കാതിരുന്നത്.
എന്നാല്‍ ഫിറോസിനെ വിശദമായി ചോദ്യം ചെയ്‌തതില്‍ നിന്ന് റഫീഖിന്‍റെ പങ്ക് വ്യക്തമാകുകയും, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിക്ടോറിയ കോളജിന്‍റെ ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് അനസിനെ കണ്ടപ്പോള്‍ ഫിറോസ് ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ അനസ് തന്നെ അസഭ്യം പറയുകയും മറ്റും ചെയ്‌തതോടെ ഇവിടെ നിന്ന് പോയി സഹോദരനൊപ്പം ബൈക്കിലെത്തി അനസിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഫിറോസ് പൊലീസിനോട് പറഞ്ഞു.