ഭുവനേശ്വർ: ഒഡിഷയില്‍ മന്ത്രിയെ വെടിവെച്ച സംഭവത്തില്‍ ബിജെഡി പ്രവർത്തകരുടെ പ്രതിഷേധം ശക്തം. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനുമുള്ള പുതിയ ഓഫീസ് ഉദ്ഘാടനത്തിനായാണ് ബിജെഡി നേതാവും ഒഡിഷ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി നബ കിഷോർ ദാസ് ജർസുഗുഡ ജില്ലയിലെ ബ്രജ്‌രാജനഗറിലെത്തിയത്. വഴിയില്‍ ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങാനായി കാറില്‍ നിന്ന് ഇറങ്ങവേയാണ് വെടിയേറ്റത്.
മന്ത്രിയുടെ തൊട്ടരികില്‍ നിന്ന് നെഞ്ചിലേക്ക് വെടിവെച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങാനായി കാറിന്‍റെ മുൻ സീറ്റില്‍ നിന്ന് ഇറങ്ങുമ്പോൾ തന്നെ മന്ത്രിയുടെ നെഞ്ചില്‍ വെടിയേറ്റ് പിന്നിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെടിയേറ്റയുടൻ മന്ത്രിയുടെ നെഞ്ചില്‍ നിന്ന് രക്തം വാർന്നൊഴുകിയിരുന്നു.
ഉടൻ കാറിന്‍റെ സീറ്റിലേക്ക് വീണ മന്ത്രി നബ കിഷോറിനെ ആളുകൾ ചേർന്ന് താങ്ങിയെടുത്തെങ്കിലും അദ്ദേഹം അപ്പൊഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ നബ കിഷോർ ദാസിനെ ആദ്യം റോഡ് മാർഗം ജർസുഗുഡ ജില്ല ആശുപത്രിയിലേക്കും പിന്നീട് എയർലിഫ്‌റ്റ് ചെയ്‌ത് ഭുവനേശ്വറിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
മന്ത്രിയെ വെടിവെച്ച അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ ഓഫ് പൊലീസ് ഗോപാല്‍ ദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നാണ് ഒഡിഷ പൊലീസ് നല്‍കുന്ന വിവരം. വെടിവെയ്‌ക്കാനുണ്ടായ കാരണം അടക്കമാണ് അന്വേഷിക്കുന്നത്.
മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് മറ്റ് ബിജെഡി നേതാക്കൾ എന്നിവർ സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വൻ സുരക്ഷ വീഴ്‌ചയുണ്ടായെന്നാണ് പ്രാദേശിക ബിജെഡി പ്രവർത്തകരുടെ ആരോപണം. ജർസുഗുഡയില്‍ നിന്നുള്ള പ്രബലനായ രാഷ്‌ട്രീയ നേതാവാണ് നബ കിഷോർ ദാസ്.
നേരത്തെ കോൺഗ്രസിലായിരുന്ന ദാസ് 2019ലെ തെരഞ്ഞെടുപ്പ് സമയത്താണ് ബിജെഡിയിലെത്തിയത്. കല്‍ക്കരി ഖനനം, ഹോട്ടല്‍ അടക്കമുള്ള മേഖലകളില്‍ ബിസിനസ് രംഗത്തും പ്രശസ്‌തനാണ് നബ കിഷോർ ദാസ്.