ഭുവനേശ്വര്‍ : ഒഡിഷ ആരോഗ്യമന്ത്രി നബ ദാസിന്‍റെ കൊലപാതകത്തില്‍ പ്രതി ഗോപാല്‍ ദാസിന്‍റെ കുറ്റസമ്മതം മാത്രം മതിയാകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി സുനിൽ ബൻസാൽ. തങ്ങളുടെ പക്കല്‍ തെളിവായി വീഡിയോ ദൃശ്യങ്ങളുണ്ട്. എന്നാല്‍ സംഭവത്തില്‍ നിലവില്‍ കാണുന്നതല്ലാതെയുള്ള എല്ലാ കോണില്‍ നിന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ തെളിവുകള്‍ വച്ച് പെട്ടെന്നൊരു നിഗമനത്തിലെത്തില്ല. യുക്തിപൂര്‍ണമായ കണ്ടെത്തലുകളിലേക്കാണ് നീങ്ങുന്നതെന്നും ഡിജിപി സുനിൽ ബൻസാൽ വ്യക്തമാക്കി.
സിബിഐയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മികച്ച ഉദ്യോഗസ്ഥരിലൊരാളായ ക്രൈം അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ അരുണ്‍ ബോത്ര സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്. ഒഡിഷ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്‌ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയുമായി ബന്ധപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്‌തുവെന്നും സാധ്യമായ എല്ലാ സഹായവും അവര്‍ ഉറപ്പുനല്‍കിയെന്നും ബൻസാൽ പറഞ്ഞു. കൂടാതെ ഒരു സിഎസ്എഫ്എൽ ടീം സംസ്ഥാനം സന്ദർശിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കൊലപാതകത്തിനുള്ള പ്രേരണയെക്കുറിച്ച് പ്രതി പറഞ്ഞു. വ്യക്തിപരമായ വിദ്വേഷമാണ് നബയെ ഇല്ലാതാക്കാനുള്ള കാരണമെന്നും പദ്ധതിയിൽ താൻ തനിച്ചാണെന്നുമുള്ള നിലപാടിൽ പ്രതി ഉറച്ചുനിൽക്കുകയാണ്. വ്യക്തിയുടെ മനസ്സ് വായിക്കാൻ കഴിയുന്ന ഒരു യന്ത്രവുമില്ലെന്നും ഒഡിഷ പൊലീസില്‍ അദ്ദേഹത്തിന്‍റെ നിയമനം മുതൽ സംഭവ ദിവസം വരെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും സുനിൽ ബൻസാൽ പറഞ്ഞു. കുറിപ്പുകള്‍ ഉള്‍പ്പടെ പിടിച്ചെടുത്ത വസ്‌തുക്കള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.