പാലക്കാട്: പ്രസവത്തിനിടെ നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചിറ്റൂർ അത്തിക്കോട് സ്വദേശി ഐശ്വര്യയും ആണ്‍കുഞ്ഞുമാണ് വെസ്‌റ്റ് യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അമ്മയുടെയും കുഞ്ഞിന്‍റെയും മരണം ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
കുഞ്ഞ് ശനിയാഴ്‌ചയാണ്(ജൂലൈ 2) മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അമ്മ ഐശ്വര്യ മരിച്ചത്. ഇതിന് പിന്നാലെയാണ് ഡോക്‌ടര്‍മാര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും എത്തിയത്.
ജൂണ്‍ 29 നാണ് പ്രസവത്തിനായി ഐശ്വര്യയെ വെസ്‌റ്റ് യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്‌ച രാത്രി 10.30 നാണ് കുഞ്ഞ് ജനിച്ചത്. രാത്രി വൈകിയാണ് കുഞ്ഞ് മരിച്ച വിവരം അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. പ്രസവ ശേഷം ഐശ്വര്യയ്‌ക്ക് ശസ്‌ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.
എന്നാൽ ശസ്‌ത്രക്രിയ ഒഴിവാക്കാൻ മരുന്ന് നൽകിയതാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. ആശുപത്രി അധികൃതര്‍ നിരവധി പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയതായും ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്‌തതായും ബന്ധുക്കൾ പറഞ്ഞു. പ്രസവ ശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യയെ ഞായറാഴ്‌ച വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
പ്രധാന ഡോക്‌ടര്‍ എത്താതെ ജൂനിയര്‍ ഡോക്‌ടര്‍മാരാണ് ഐശ്വര്യയെ ചികിത്സിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. നിലവില്‍ മനപൂർവമല്ലാത്ത നരഹത്യയ്‌ക്ക് ആശുപത്രിയ്‌ക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം ഡോക്‌ടര്‍മാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം പ്രതിഷേധക്കാരോട് പറഞ്ഞു.